‘കള്ളൻ വിജയൻ’ ലേഖനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കൊടുവിൽ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ.ആർ. അജയൻ രാജിവെച്ചു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവധി ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ രാജി. വിവാദത്തെ തുടർന്ന് വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ നേരത്തെ മാറ്റിനിർത്തിയിരുന്നു. രാജിവെക്കുകയോ അല്ലെങ്കിൽ ദീർഘകാല അവധിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്ന് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അദ്ദേഹത്തോട് വാക്കാൽ നിർദ്ദേശിച്ചിരുന്നതായി വിവരമുണ്ട്.
പുല്ലംപാറയിലെ നാടക പ്രവർത്തകനായ കള്ളൻ വിജയനെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടിനെച്ചൊല്ലി ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിൽ വലിയ തർക്കങ്ങൾ ഉടലെടുത്തിരുന്നു. വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണം അടങ്ങിയ പ്രത്യേക വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം വരെ തടസ്സപ്പെടാൻ ഈ തർക്കം കാരണമായി. ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് നൽകുന്നത് തികച്ചും ഉചിതമാണെന്ന നിലപാടിൽ അജയൻ ഉറച്ചുനിൽക്കുകയും അത് മാറ്റാൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്ന് വിഷയം മാധ്യമങ്ങളിൽ വലിയ ചർച്ചയായതോടെയാണ് അജയനെ ചുമതലകളിൽ നിന്ന് മാറ്റാൻ മാനേജ്മെന്റ് തീരുമാനിച്ചത്. ചീഫ് ന്യൂസ് എഡിറ്റർ ടി. ചന്ദ്രമോഹനാണ് പകരം ചുമതല നൽകിയിരുന്നത്.



