നാല് മാസത്തിനിടെ 22 പ്രതികൾക്ക് വധശിക്ഷ വിധിച്ച അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്ന് നൂറോളം കൊലപാതക കേസുകൾ മാറ്റിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് ഈ അസാധാരണ നടപടി ഉണ്ടായിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതരമായ കേസുകൾ ഇത്തരത്തിൽ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. അഭിഭാഷകൻ, ഹോം ഗാർഡ്, കർഷകൻ എന്നിവരുടെ കൊലപാതക കേസുകളും ഹൈവേ കൊള്ളയുമായി ബന്ധപ്പെട്ട വിചാരണകളും ഇതിൽ ഉൾപ്പെടും. തുടർച്ചയായി കടുത്ത ശിക്ഷകൾ പ്രഖ്യാപിക്കപ്പെട്ടത് അഭിഭാഷകർക്കും കക്ഷികൾക്കും ഇടയിൽ സൃഷ്ടിച്ച ആശങ്കകളെ തുടർന്നാണ് കേസുകൾ മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ജഡ്ജ് രവികുമാർ ദിവാകർ വിപ്ലവകരമായ രീതിയിൽ തുടർച്ചയായി വധശിക്ഷകൾ വിധിച്ചത്. ഏപ്രിൽ 6-ന് അഭിഭാഷകനായ സമീർ സൈഫിയുടെ വധക്കേസിൽ മൂന്ന് പേർക്കും, ഏപ്രിൽ 28-ന് മറ്റൊരു കേസിൽ നാല് പേർക്കും കോടതി മരണശിക്ഷ വിധിച്ചിരുന്നു.
ഇന്ത്യയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രം നൽകേണ്ട വധശിക്ഷ ഇത്രയും വേഗത്തിലും തുടർച്ചയായും നൽകുന്നത് നിയമവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. അതേസമയം, വിചാരണക്കോടതികൾ നൽകുന്ന ഇത്തരം വധശിക്ഷകൾ ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് വിധേയമായി മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ. മുൻപ് വാരണാസിയിൽ സിവിൽ ജഡ്ജിയായിരിക്കെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വീഡിയോഗ്രാഫി സർവേ നടത്താൻ ഉത്തരവിട്ടതിലൂടെയാണ് ജഡ്ജ് രവികുമാർ ദിവാകർ ശ്രദ്ധേയനാകുന്നത്. തുടർന്ന് തനിക്ക് വധഭീഷണികൾ ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പിന്നീട് ബറേലി കോടതിയിൽ സേവനമനുഷ്ഠിക്കവെ അദ്ദേഹത്തിന്റെ ചില വിവാദ പരാമർശങ്ങൾ അലഹബാദ് ഹൈക്കോടതി നീക്കം ചെയ്യുകയുമുണ്ടായി. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചതും വാർത്തയായിരുന്നു. 1980-ൽ ജനിച്ച അദ്ദേഹം 2009-ലാണ് ജഡ്ജിയാകുന്നത്. സുൽത്താൻപൂർ, ബദൗൺ, വാരണാസി, ബറേലി എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 2025 നവംബർ മുതലാണ് അദ്ദേഹം മുസഫർനഗർ കോടതിയിൽ പ്രവർത്തിച്ചു വരുന്നത്.



