ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന 31-ാമത് ദക്ഷിണ മേഖലാ കൗൺസിലിന്റെ യോഗത്തിന് മുന്നോടിയായി കേരള മുഖ്യമന്ത്രി വി ഡി സതീശനും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യും തമ്മിൽ കൂടിക്കാഴ്ച നടത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും ചർച്ചയായ യോഗത്തിൽ മുല്ലപ്പെരിയാർ വിഷയം കേരളം ശക്തമായി ഉന്നയിച്ചു. മുഴുവൻ ചെലവും കേരളം വഹിക്കാമെന്നും നിർദിഷ്ട സ്ഥലത്തിന്റെ കാര്യത്തിൽ തമിഴ്നാടിന് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കിയ വി ഡി സതീശൻ, പുതിയ ഡാം നിർമിക്കണമെന്നും വെള്ളം പൂർണമായും തമിഴ്നാടിന് നൽകുമെന്നും അറിയിച്ചു. കൂടാതെ മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭാ സീറ്റുകൾ 543 ആയി നിലനിർത്തണമെന്നും വനിതാ സംവരണം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തർസംസ്ഥാന കെഎസ്ആർടിസി ബസുകളുടെ ടോൾ ഒഴിവാക്കുക, തലശ്ശേരി – മൈസൂരു, നിലമ്പൂർ – നഞ്ചൻകോട് പാതകൾ നടപ്പാക്കുക എന്നീ ആവശ്യങ്ങളും കേരളം മുന്നോട്ടുവെച്ചു. മൃഗങ്ങൾ കൂടുതൽ സഞ്ചരിക്കുന്നത് പുലർച്ചെയും സന്ധ്യയ്ക്കുമാണെന്ന് ശാസ്ത്രീയ പരിശോധനകളിൽ വ്യക്തമായതിനാൽ ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന നിലപാടിൽ തമിഴ്നാട് ഉറച്ചുനിന്നു. സുപ്രീം കോടതി വിധിയും ട്രിബ്യൂണൽ തീരുമാനവും കൃത്യമായി നടപ്പാക്കണമെന്നും നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. എന്നാൽ, മുൻപ് നിയമസഭയിൽ പാസാക്കിയ പ്രമേയത്തിലെ നിലപാട് ആവർത്തിക്കാതെ മണ്ഡല പുനർനിർണയത്തിൽ തമിഴ്നാട് മയപ്പെട്ട സമീപനമാണ് സ്വീകരിച്ചത്. ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയരുതെന്നും ഒരു സംസ്ഥാനത്തിനും നഷ്ടമുണ്ടാകാതിരിക്കാൻ നിയമപരമായ ഉറപ്പ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത ഈ ചർച്ചകൾക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് കൗൺസിൽ യോഗം ആരംഭിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.



