വീണ വിജയനെതിരെയുള്ള രേഖാമൂലമുള്ള കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഇഡി അന്വേഷണത്തെ ശക്തമാക്കുന്ന വിവരങ്ങളാണ് നിലവിൽ പുറത്തുവന്നിട്ടുള്ളതെന്നും, അന്വേഷണവുമായി സംസ്ഥാന സർക്കാരിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും രാഷ്ട്രീയ വേട്ടയാണെന്ന വ്യാഖ്യാനങ്ങളിൽ കാര്യമില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, വീണ വിജയൻ ഒരു രാഷ്ട്രീയ നേതാവല്ലെന്നും കൂട്ടിച്ചേർത്തു. ഇഡിയുടെ പ്രസ്താവനയിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ, വിഷയത്തിൽ വെറുമൊരു രാഷ്ട്രീയ വിശദീകരണ യോഗത്തിനപ്പുറം സി പി ഐ എമ്മിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിക്കൊപ്പം ലഹരി കേസിലെ പ്രതിയുടെ ചിത്രം പുറത്തുവന്ന സംഭവത്തിലും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. രാഷ്ട്രീയ നേതാക്കൾക്കൊപ്പം പലരും ഫോട്ടോ എടുക്കാറുണ്ടെങ്കിലും, അവർ കേസുകളിൽ ഉൾപ്പെട്ടാൽ അത്തരം ആളുകളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. ആരോടും ഫോട്ടോ എടുക്കരുതെന്നോ ചായ കുടിക്കരുതെന്നോ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഏതു സമയത്തും ഉണ്ടാകാമെന്നും കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാൽ ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാൾക്ക് ഒറ്റപദവി എന്നത് കോൺഗ്രസിന്റെ ഭരണഘടനയിലില്ലെന്നും, മുൻപും ഒന്നിലധികം പദവികൾ വഹിച്ച നേതാക്കൾ പാർട്ടിയിലുണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.



