കേരള ക്രിക്കറ്റ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഊർജ്ജവും ആവേശവും പകരാൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവും ടീമിന്റെ സഹഉടമയുമായ ക്രിസ് ഗെയ്ൽ കേരളത്തിലെത്തുന്നു. ഓഗസ്റ്റ് 29-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന കൊച്ചിയുടെ ആവേശപ്പോരാട്ടം നേരിട്ട് കാണാനാണ് ‘യൂണിവേഴ്സൽ ബോസ്’ എത്തുന്നത്. ഗെയ്‌ലിന്റെ വരവിനെക്കുറിച്ച് നേരത്തെ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും, അദ്ദേഹം എന്നെത്തുമെന്ന കാര്യത്തിൽ ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്.
കിരീടം നിലനിർത്താൻ പോരാടുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആരാധകരുടെ വലിയ പിന്തുണയോടൊപ്പം ഗെയ്‌ലിന്റെ സാന്നിധ്യം കൂടി ലഭിക്കുന്നത് ഇരട്ടി കരുത്താകും. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ പവർ ഹിറ്റർമാരിലൊരാളായ ഗെയ്ൽ നേരിട്ട് ഗാലറിയിലെത്തുന്നതോടെ കേരള ക്രിക്കറ്റ് ലീഗിന് ആഗോള ശ്രദ്ധ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തി മത്സരം നേരിട്ട് കണ്ട് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് പിന്തുണ നൽകണമെന്ന് ടീം മാനേജ്‌മെന്റ് മുഴുവൻ ക്രിക്കറ്റ് പ്രേമികളോടും അഭ്യർത്ഥിച്ചു.



