India Mirror News

ഓണം റിലീസായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ഓണം റിലീസായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഗിരീഷ് എ.ഡി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓണം റിലീസായി ഓഗസ്റ്റ് 21-ന് തിയേറ്ററുകളിൽ എത്തുന്ന ഈ റോം-കോം ചിത്രം തിയേറ്ററുകളിൽ വലിയ ചിരിവിരുന്നൊരുക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ നിർമ്മാണ സംരംഭമാണ്.

ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്‌മൽ സാബുവും സംഗീതം വിഷ്ണു വിജയിയും എഡിറ്റിങ് ആകാശ് ജോസഫ് വർഗ്ഗീസും നിർവ്വഹിക്കുന്നു. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *