അരുണാചൽപ്രദേശ് സ്വദേശിയായ വിദ്യാർഥി മിച്ചി മർപ്പു ജീവനൊടുക്കിയ സംഭവത്തിൽ കോതമംഗലം എം.എ. എൻജിനീയറിങ് കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം കടുക്കുന്നു. കോളജ് കവാടത്തിൽ കുത്തിയിരുന്നും അധ്യാപകരുടെ വാഹനങ്ങൾ തടഞ്ഞുമാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. മരണത്തിന്റെ ഉത്തരവാദിത്തം കോളജ് അധികൃതർ ഏറ്റെടുക്കണമെന്നും അതിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.
പ്രതിഷേധം ശക്തമായിട്ടും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ആരും തന്നെ ചർച്ചയ്ക്ക് വരാത്തതിൽ വിദ്യാർഥികൾ അമർഷം രേഖപ്പെടുത്തി. സംസാരിക്കാൻ എത്തിയത് ലൈബ്രറി സെക്രട്ടറി മാത്രമാണെന്നും, ഇത്രയും വിദ്യാർഥികൾ മഴയത്ത് നിന്ന് പ്രതിഷേധിച്ചിട്ടും അധികൃതർ കോളജിനുള്ളിൽ മാറിയിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. കൂടാതെ കോളജ് നൽകിയ ഉറപ്പുകളിൽ വിശ്വാസമില്ലെന്നും, അവർ എഴുതി നൽകിയ ഉറപ്പുകൾ ഔദ്യോഗിക ലെറ്റർ ഹെഡിൽ അല്ലെന്നതും വിദ്യാർഥികളുടെ പ്രതിഷേധം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്.



