പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഏറെ പ്രതീക്ഷയോടെയെത്തുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം “ഖലീഫ”യുടെ സെൻസറിങ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെയെത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കേന്ദ്ര കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന അതിഥി വേഷത്തിൽ മോഹൻലാലും ചിത്രത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചുമകനാണ് പൃഥ്വിരാജിന്റെ ആമിർ അലി. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള രണ്ടാം ഭാഗത്തിൽ മോഹൻലാലായിരിക്കും നായകൻ. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി എന്നിവരാണ് സഹനിർമ്മാതാക്കൾ.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷും തെലുങ്ക് താരം മാളവിക ശർമ്മയും ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഖലീഫയ്ക്കുണ്ട്. ഇവരെക്കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പോക്കിരി രാജയ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ, ജേക്സ് ബിജോയ് സംഗീതം നൽകിയ “അസലായവളെ” എന്ന പ്രണയഗാനം ഇതിനോടകം സൂപ്പർ ഹിറ്റാണ്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിൽ യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.



