കോർപ്പറേറ്റ് വാഹനവ്യൂഹങ്ങളിൽ തങ്ങളുടെ വൈദ്യുത വാഹനങ്ങളുടെ സാന്നിധ്യം ശക്തമാക്കി കിയ ഇന്ത്യ. 2025 ജൂലൈയിൽ വിപണിയിലെത്തിയതിന് ശേഷം കാരൻസ് ക്ലാവിസ് ഇവിയുടെ കോർപ്പറേറ്റ് ഫ്ലീറ്റ് വിന്യാസം 1,100 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി റിഫെക്സ് മൊബിലിറ്റിക്കായി 100 കാരൻസ് ക്ലാവിസ് ഇവികൾ കൈമാറി. കിയ ഇന്ത്യയുടെ ഉന്നത നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ആദ്യ ബാച്ച് വാഹനങ്ങൾ നൽകിയത്. കിയയുടെ ഇവി പരിചയസമ്പത്തും റിഫെക്സ് മൊബിലിറ്റിയുടെ ഫ്ലീറ്റ് മാനേജ്മെന്റ് ശേഷിയും ഒന്നിക്കുന്ന ഈ സഹകരണം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഇവികളിലേക്ക് മാറുവാൻ ഏറെ സഹായകമാകും. മെച്ചപ്പെടുത്തിയ ചാർജിങ് സംവിധാനങ്ങളും വിൽപനാനന്തര സേവനങ്ങളും ഇവി ഇക്കോസിസ്റ്റത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
വിശാലമായ ക്യാബിൻ, മികച്ച ആധുനിക സാങ്കേതികവിദ്യ, ഡ്രൈവിങ് കാര്യക്ഷമത എന്നിവയാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. ഹ്യൂണ്ടായ് ക്രെറ്റ ഇലക്ട്രിക്കിന് സമാനമായ പവർട്രെയിനാണ് കാരൻസ് ക്ലാവിസ് ഇവിയിലുള്ളത്. 42 കിലോവാട്ട് ഹവർ, 51.4 കിലോവാട്ട് ഹവർ എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളിലായി യഥാക്രമം 404 കിലോമീറ്റർ, 490 കിലോമീറ്റർ റേഞ്ചുകൾ വാഹനം വാഗ്ദാനം ചെയ്യുന്നു. 135 ബിഎച്ച്പി, 171 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന മോട്ടോറുകളിൽ 255 എൻഎം ടോർക്ക് ലഭ്യമാണ്. വലിയ ബാറ്ററി പതിപ്പിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 8.4 സെക്കൻഡ് മതിയാകും. 11 കിലോവാട്ട് എസി ചാർജർ ഉപയോഗിക്കുമ്പോൾ ചാർജിങ് സമയം ബാറ്ററിയുടെ ശേഷിക്കനുസരിച്ച് 4 മണിക്കൂറും, 4 മണിക്കൂർ 45 മിനിറ്റും മാത്രമാണ്. 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറന്റിയും കിയ ഉറപ്പുനൽകുന്നു.
12.3 ഇഞ്ചിന്റെ രണ്ട് ഡിസ്പ്ലേകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ബോസ് മോഡ്, വി2എൽ ചാർജിങ് തുടങ്ങിയ ഒട്ടനവധി ആഡംബര സവിശേഷതകൾ ഉള്ളിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ഇഎസ്സി, എബിഎസ്, ലെവൽ 2 എഡാസ് (ADAS), 360 ഡിഗ്രി ക്യാമറ, 4 വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയും കിയ കാരൻസ് ക്ലാവിസ് ഇവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ കിയ സോണറ്റിന് 45,000 രൂപയുടെ വമ്പൻ ഓഫർ പ്രഖ്യാപിച്ചതിനൊപ്പം കരുത്തനായ കിയ സൊറന്റോയുടെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.



