മെസ്സി സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ മുൻ സർക്കാരിനെയും സ്പോൺസർമാരെയും പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. കായികവകുപ്പ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സ്പോൺസറെ നിശ്ചയിച്ചതിൽ വലിയ രീതിയിലുള്ള ചട്ടലംഘനം നടന്നതായി ചൂണ്ടിക്കാട്ടി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാറിലേർപ്പെടാൻ സ്വകാര്യ സ്ഥാപനത്തിന് അനുമതി നൽകിയ നടപടിക്രമങ്ങൾ സംശയാസ്പദമാണ്. എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് ക്ഷണിക്കുകയോ, സ്ഥാപനത്തിന്റെ സാമ്പത്തിക ശേഷിയും ഫണ്ട് സ്രോതസ്സും വിപണി മൂല്യവും പരിശോധിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ ഈ വിഷയത്തിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ മുൻ സർക്കാരിന് സാധിക്കില്ലെന്നും സംഭവത്തിൽ സർക്കാർ തലത്തിൽ കൃത്യമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പോൺസർമാർ നടത്തിയ പണസമാഹരണത്തെക്കുറിച്ചും നടന്ന ജി.എസ്.ടി വെട്ടിപ്പിനെക്കുറിച്ചും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുൻ സർക്കാരിന്റെ കാലത്തുതന്നെ ജി.എസ്.ടി ക്രമക്കേട് കണ്ടെത്തുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നെങ്കിലും പിന്നീട് അന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഈ വിഷയത്തിൽ ധനകാര്യ വകുപ്പ് അന്വേഷണം നടത്തുമെന്നും, സർക്കാരിന് നഷ്ടമായ തുക പൂർണ്ണമായും ഈടാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ അർഹമായ രീതിയിൽ ശക്തമായ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.



