സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം ഹോട്ടൽ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്കും പാചകവാതകത്തിനും വില ഇരട്ടിയായി വർധിച്ചതും തൊഴിലാളികളുടെ കൂലികൂടിയതും കാരണം ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണെന്ന് ഉടമകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഹോട്ടൽ വിഭവങ്ങൾക്ക് വില കൂട്ടുകയല്ലാതെ മറ്റ് വഴികളില്ലെന്നും പ്രശ്നപരിഹാരത്തിന് അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അടുത്തിടെ അമിത വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെ നടപടിയെടുക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചതിനെ തുടർന്ന് ഭരണകൂടങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. എന്നാൽ ഇത്തരം നടപടികളിലേക്ക് കടക്കുമ്പോൾ ഹോട്ടലുടമകൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ആരും പരിഗണിക്കുന്നില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ പൊതുവായ വിലക്കയറ്റം പിടിച്ചുനിർത്താതെ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നാണ് ഹോട്ടലുടമകളുടെ നിലപാട്.



