അർജന്റീന ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കായികവകുപ്പിന്റെ കണ്ടെത്തൽ. മെസിയുടെ വരവുമായി ബന്ധപ്പെട്ട് ആരുമായും കരാറിൽ ഏർപ്പെട്ടതിന്റെയോ നിയമപരമായ സാധുതയുള്ള രേഖകളുടെയോ പിൻബലമില്ലാതെയാണ് പ്രഖ്യാപനങ്ങൾ നടന്നതെന്ന് കായികവകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനും സർക്കാറും തമ്മിലോ, അർജന്റീന ഫുട്ബോൾ അസോസിയേഷനും (എ.എഫ്.എ) സർക്കാറും തമ്മിലോ യാതൊരു എഗ്രിമെന്റും നിലവിലില്ല. എ.എഫ്.എയ്ക്ക് 1.5 കോടി യു.എസ് ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയെന്ന സ്പോൺസറുടെ അവകാശവാദത്തിന് പണം കൈമാറിയതിന്റെയോ എ.എഫ്.എ അത് സ്വീകരിച്ചതിന്റെയോ യാതൊരു രേഖകളും സർക്കാരിന് ലഭിച്ചിട്ടില്ല. മുൻ കായികമന്ത്രിയും എൽ.ഡി.എഫ് സർക്കാരും ഫിഫ അംഗീകാരമോ ആവശ്യമായ ചട്ടങ്ങളോ പാലിക്കാതെയാണ് വാഗ്ദാനം നൽകിയതെന്നും, കലൂർ സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
മെസിയെ കൊണ്ടുവരാനുള്ള നീക്കം വ്യാജമാണെന്നും ഇതിന്റെ മറവിൽ സാമ്പത്തിക വഞ്ചനയും ക്രിമിനൽ കുറ്റങ്ങളും നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്ന് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. തുടർനടപടികൾക്കായി ഈ റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിട്ടുണ്ട്. കായിക വകുപ്പിന്റെ കണ്ടെത്തലുകൾ വളരെ ഗൗരവമുള്ളതാണെന്നും റിപ്പോർട്ടിൽ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കായിക യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് അറിയിച്ചു.



