India Mirror News

റയലിനെ തള്ളി ബാഴ്‌സലോണയിലേക്ക്; റോഡ്രി ക്യാമ്പ് നൗവിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

റയലിനെ തള്ളി ബാഴ്‌സലോണയിലേക്ക്; റോഡ്രി ക്യാമ്പ് നൗവിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ‘സ്റ്റോപ്പ് ക്രയിങ് യുവർ ഹാർട്ട് ഔട്ട്’ എന്ന ബാനറും ബാൾൺ ദി ഓർ വിജയിയായ റോഡ്രിയുടെ ചിത്രവുമായി റയൽ മാഡ്രിഡിനെയും വിനീഷ്യസ് ജൂനിയറിനെയും മാഞ്ചസ്റ്റർ സിറ്റി ആരാധകർ പരിഹസിച്ച ഓർമ്മകൾ നിലനിൽക്കെ, സ്പാനിഷ് മധ്യനിര താരം റോഡ്രി ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സാന്റിയാഗോ ബർണബ്യൂവിലേക്ക് മടങ്ങാൻ റോഡ്രി ആഗ്രഹിച്ചിരുന്നെങ്കിലും സിറ്റിയും റയൽ മാഡ്രിഡും തമ്മിൽ ധാരണയിലെത്താൻ വൈകിയതോടെ ബാഴ്‌സലോണ അവസരം മുതലാക്കുകയായിരുന്നു. പരിശീലകൻ ഹൻസി ഫ്ലിക്ക് മുന്നോട്ടുവെച്ച ക്ലബ് പദ്ധതികളിൽ തൃപ്തനായ റോഡ്രി, സിറ്റിയുമായി കരാർ ചർച്ചകൾ നടത്താൻ ബാഴ്‌സലോണയ്ക്ക് അനുമതി നൽകിയതായാണ് സൂചന.

റോഡ്രിയെ ബാഴ്‌സലോണയിലേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ക്ലബ്ബിലെ അനുകൂല സാഹചര്യങ്ങളാണ്. 2026 ഫിഫ ലോകകപ്പിൽ റോഡ്രിയുടെ നേതൃത്വത്തിൽ സ്പെയിൻ കിരീടമുയർത്തിയപ്പോൾ ലമീൻ യമാൽ, ഫെറാൻ ടോറസ്, പെഡ്രി, ഡാനി ഓൽമോ, പൗ കുബാർസി, എറിക് ഗാർഷ്യ, ജോവാൻ ഗാർഷ്യ തുടങ്ങി ബാഴ്‌സലോണയിൽ നിന്നുള്ള എട്ടോളം താരങ്ങൾ ആ ടീമിലുണ്ടായിരുന്നു. അതിനാൽ ഡ്രെസ്സിംഗ് റൂമിൽ വളരെ എളുപ്പത്തിൽ ഇഴുകിച്ചേരാൻ റോഡ്രിക്ക് സാധിക്കും. കൂടാതെ, റയൽ പരിശീലകൻ മൗറീഞ്ഞ്യോയുടെ ഹൈ-ഇന്റൻസിറ്റിയും ഡയറക്റ്റ് ബോൾ ശൈലിയേക്കാൾ, പെപ് ഗ്വാർഡിയോളയുടേതിന് സമാനമായി പാസിംഗിലൂടെ കളി നിയന്ത്രിക്കുന്ന ഹൻസി ഫ്ലിക്കിന്റെ തന്ത്രങ്ങളോട് യോജിച്ചുപോകാൻ റോഡ്രിയുടെ കള ശൈലിക്ക് കഴിയും.

ബാഴ്‌സ മധ്യനിരയിലെ പ്രധാന താരം ഫ്രങ്കി ഡി യോങ്ങിന് വലതുകാലിനേറ്റ പരുക്കിനെ തുടർന്ന് കുറഞ്ഞത് നാല് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നതും റോഡ്രിയുടെ വരവിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ലോകകപ്പിൽ സ്പെയിനായി മധ്യനിരയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് തിളങ്ങിയ റോഡ്രിയും പെഡ്രിയും ഒന്നിച്ച് അണിനിരക്കുന്നത് ഫ്ലിക്കിന്റെ തന്ത്രങ്ങൾക്ക് വലിയ കരുത്താകും. റയൽ മാഡ്രിഡിൽ മുൻ സിറ്റി സഹതാരം ബെർണാർഡോ സിൽവയും ബെല്ലിങ്ഹാം, വാൽവെർദെ, ചുവാമേനി, കമവിംഗ തുടങ്ങിയ പ്രമുഖരുമുണ്ടെങ്കിലും അവിടുത്തെ ഡയറക്റ്റ് ശൈലിയിൽ റോഡ്രിക്ക് ബാഴ്‌സയിലേതുപോലുള്ള പ്രാധാന്യം ലഭിക്കുമോയെന്നത് സംശയമാണ്.

അതേസമയം, റോഡ്രിയെ ടീമിലെത്തിക്കുന്നതിൽ ബാഴ്‌സലോണയ്ക്ക് മുന്നിലെ പ്രധാന കടമ്പ സാമ്പത്തിക ഭദ്രതയാണ്. റൊബേർട്ട് ലെവൻഡോസ്‌കി ക്ലബ്ബ് വിട്ടതോടെ സാമ്പത്തിക സ്ഥിതി മുൻ വർഷത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ക്യാമ്പ് നൗ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഭാഗികമായി മാത്രം പൂർത്തിയായത് വരുമാനത്തിൽ ഇടിവും ചെലവിൽ വർദ്ധനവും വരുത്തുന്നുണ്ട്. ഇത് വരും സീസണുകളിലെ താരങ്ങളുടെ സൈനിംഗിനെ ബാധിച്ചേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *