ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആണവദുരന്തത്തിന് കാരണമായ ഹിരോഷിമ ദിനത്തിന് ഇന്ന് 81 വർഷം തികയുന്നു. മനുഷ്യരാശിയുടെ മേൽ മായാത്ത കളങ്കം ചാർത്തിയ ആ കറുത്ത അധ്യായം, രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാന്റെ കീഴടങ്ങലിലേക്ക് നയിച്ചെങ്കിലും അതിന്റെ ദുരന്തഫലങ്ങൾ തലമുറകളോളം നീണ്ടുനിന്നു. 1945 ഓഗസ്റ്റ് ആറിന് സാധാരണ ദിവസത്തെപ്പോലെ ഉണർന്നെഴുന്നേറ്റ ഹിരോഷിമ നഗരത്തെ ഞെട്ടിച്ചുകൊണ്ടാണ് അമേരിക്കയുടെ ‘എനോള ഗേ’ എന്ന ബി-29 ബോംബർ വിമാനമെത്തിയത്. കേണൽ പോൾ ടിബറ്റ്സ് ഓടിച്ച വിമാനത്തിൽ നിന്ന് രാവിലെ കൃത്യം 8:15-ന് ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബ് താഴേക്ക് പതിക്കുകയായിരുന്നു.
ആകാശത്തുനിന്ന് 44 സെക്കൻഡ് സഞ്ചരിച്ച്, നഗരത്തിന് 600 മീറ്റർ ഉയരത്തിൽ വച്ച് പൊട്ടിത്തെറിച്ച ബോംബ് ആയിരം സൂര്യന്മാർ ഒരേസമയം ഉദിച്ചുയർന്ന പോലെയുള്ള വെളിച്ചത്തോടും അതിതീവ്രമായ പ്രകമ്പനത്തോടും കൂടിയാണ് ആഞ്ഞടിച്ചത്. രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള സകലതും നിമിഷാർദ്ധത്തിൽ തരിപ്പണമായി. എഴുപതിനായിരത്തോളം മനുഷ്യർ തൽക്ഷണം വെന്തുമരിക്കുകയും പതിനായിരങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ഉയർന്നുപൊന്തിയ പുകയും ആളിപ്പടർന്ന തീയും നഗരത്തെ പൂർണ്ണമായി വിഴുങ്ങി. ‘ഹിബാകുഷ’ എന്നറിയപ്പെടുന്ന അതിജീവിച്ചവർ റേഡിയേഷൻ മൂലമുള്ള രോഗങ്ങളാലും വെന്തുരുകിയ മുറിവുകളാലും കടുത്ത യാതന അനുഭവിച്ചു. ദുരന്തത്തിന് പിന്നാലെ ജാപ്പനീസ് ഫോട്ടോജേണലിസ്റ്റ് യോഷിതോ മാറ്റ്‌സുസുഗേ പകർത്തിയ അഞ്ച് ചിത്രങ്ങളിലൂടെയാണ് ഇരകൾ അനുഭവിച്ച ദുരിതങ്ങൾ ലോകം കണ്ടത്. ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അണുബോംബ് വർഷിച്ചതോടെ ഓഗസ്റ്റ് പത്തിന് ജപ്പാൻ കീഴടങ്ങാൻ തീരുമാനിക്കുകയും രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യമാവുകയും ചെയ്തു. എങ്കിലും, വൈകല്യങ്ങളോടെ ജനിച്ച പിൽക്കാല തലമുറകളിലൂടെ ഹിരോഷിമയുടെയും നാഗസാക്കിയുടെയും മുറിവുകൾ ഇന്നും മായാതെ ശേഷിക്കുന്നു.



