ജാർഖണ്ഡിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് സി.ജെ.പി (കോക്ക്റോച്ച് ജനതാ പാർട്ടി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് പ്രസ്ഥാനത്തിലുള്ള വിശ്വാസം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സി.ജെ.പിയുടെ ഭാവി റോഡ് മാപ്പ് ഉടൻ തയ്യാറാക്കുമെന്നും, എന്നാൽ ഇതൊരു രാഷ്ട്രീയ പാർട്ടിയായി മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.ജെ.പി രാഷ്ട്രീയ പാർട്ടിയാകുമെന്നത് മാധ്യമങ്ങളുടെ സംശയം മാത്രമാണെന്നും, സംഘടനയുടെ പ്രതിഷേധങ്ങൾ വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനും ജുഡീഷ്യറിക്കും മാധ്യമങ്ങൾക്കും എതിരെ ശക്തമായ ജനവികാരമാണ് രാജ്യത്തുള്ളതെന്നും രാഷ്ട്രീയം അത്രമേൽ മലീമസമായിക്കഴിഞ്ഞുവെന്നും അഭിജിത്ത് വിമർശിച്ചു. ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന സാഹചര്യത്തിൽ കൂടുതൽ ജനകീയ മുന്നേറ്റങ്ങൾ ഉയര്ന്നുവരുമെന്നും, സി.ജെ.പി എന്നും ഒരു സമ്മർദ്ദ ഗ്രൂപ്പായിത്തന്നെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് തങ്ങളുടെ മാർഗ്ഗദർശിയായി എപ്പോഴും തുടരുമെന്നും അഭിജിത്ത് വ്യക്തമാക്കി.
അതേസമയം, തന്റെ വിദേശ പഠനത്തിനായി കുടുംബം ചെലവഴിച്ച തുകയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ, ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പുറത്തുവിട്ട് അഭിജിത്ത് ആരോപണങ്ങൾക്ക് മറുപടി നൽകി. പ്രമുഖ മാധ്യമപ്രവർത്തക ബർഖാ ദത്തുമായുള്ള അഭിമുഖത്തിലാണ് സ്കോളർഷിപ്പ് കത്തിന്റെ പകർപ്പ് അദ്ദേഹം പരസ്യപ്പെടുത്തിയത്. കുടുംബത്തിന്റെ അനാവശ്യ സാമ്പത്തിക സഹായത്തോടെയാണ് വിദേശത്ത് പഠിച്ചതെന്ന പ്രചാരണം പൂർണ്ണമായും തള്ളിക്കളഞ്ഞ അഭിജിത്ത്, പഠനത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യത ഇപ്പോഴും തനിക്കുണ്ടെന്നും ആർക്കു വേണമെങ്കിലും ഇതിൽ അന്വേഷണം നടത്താമെന്നും വിശദീകരിച്ചു.



