ക്യാമ്പസുകളിൽ എല്ലാത്തരം വിദ്യാർത്ഥികളെയും ഒരുമിച്ച് ചേർത്തുനിർത്തുന്ന ഇൻക്ലൂസീവ് വിദ്യാഭ്യാസ രീതികൾ പ്രോത്സാഹിപ്പിച്ചതിന് നൽകുന്ന ‘ചോക് 2026’ സംസ്ഥാനതല പുരസ്കാരം ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സ്വന്തമാക്കി. മികച്ച ഇൻക്ലൂസീവ് കോളേജിനുള്ള പുരസ്കാരമാണ് ജെയിൻ യൂണിവേഴ്സിറ്റിക്ക് ലഭിച്ചത്. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു പുരസ്കാര വിതരണം.

കൊച്ചിയിലെ പ്രയത്‌ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററും ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല അധ്യാപക കോൺഫറൻസിന്റെ ഭാഗമായാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓട്ടിസം ആൻഡ് ബിഹേവിയറൽ തെറാപ്പി, ബ്രിഡ്ജ് ബിയോണ്ട് ഫൗണ്ടേഷൻ എന്നിവർ പരിപാടിയുമായി സഹകരിച്ചു. ഉമ തോമസ് എം.എൽ.എ, പ്രയത്‌ന സ്ഥാപകനും ചെയർമാനുമായ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ജെയിൻ യൂണിവേഴ്സിറ്റി അധികൃതർ അവാർഡ് ഏറ്റുവാങ്ങിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഭിന്നശേഷിയുള്ള കുട്ടികൾക്ക് മികച്ച പിന്തുണയും തുല്യ അവസരങ്ങളും നൽകുന്നതിൽ ജെയിൻ യൂണിവേഴ്സിറ്റി നടത്തുന്ന ഇടപെടലുകൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.



