ശബരിമല മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ധനസഹായം പൂർണ്ണമായി നൽകുന്നതിൽ എൽഡിഎഫ് സർക്കാർ വാക്ക് പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. മാസ്റ്റർപ്ലാൻ പദ്ധതികൾക്കായി ആകെ 275 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് കേവലം 85.45 കോടി രൂപ മാത്രമാണ് ശബരിമലയ്ക്ക് യഥാർത്ഥത്തിൽ ലഭിച്ചതെന്ന് ശബരിമല ഹൈപവർ കമ്മിറ്റിയുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. അനുവദിച്ച ഈ തുകയിൽ 85.39 കോടി രൂപയും ഇതിനോടകം ചെലവഴിച്ചിട്ടുമുണ്ട്.
ശബരിമലയിലേക്കുള്ള റോഡുകൾ വികസിപ്പിക്കുന്നത് മുതൽ തീർത്ഥാടകർക്കായുള്ള മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിക്കുന്നതിനായാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നത്. ഇതിനായി 2016-2017 വർഷങ്ങളിലാണ് സർക്കാർ 275 കോടി രൂപയുടെ വലിയ തുക വകയിരുത്തിയത്. എന്നാൽ, ഈ വമ്പൻ പ്രഖ്യാപനം നടത്തിയെങ്കിലും വിഭാവനം ചെയ്ത തുക മുഴുവൻ അനുവദിക്കാനോ ചെലവഴിക്കാനോ ഭരണകൂടം തയ്യാറായില്ലെന്ന് വിവരവകാശ പ്രവർത്തകനായ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച മറുപടിയിലൂടെയാണ് ഇപ്പോൾ കൃത്യമായി പുറംലോകമറിഞ്ഞിരിക്കുന്നത്.



