India Mirror News

ആറന്മുള വിമാനത്താവള പദ്ധതിയിൽ വീണ്ടും വിവാദം; അനുമതിയില്ലാത്ത ഡ്രോൺ സർവേക്കെതിരെ പ്രതിഷേധം ശക്തം.

ആറന്മുള വിമാനത്താവള പദ്ധതിയിൽ വീണ്ടും വിവാദം; അനുമതിയില്ലാത്ത ഡ്രോൺ സർവേക്കെതിരെ പ്രതിഷേധം ശക്തം.

ആറന്മുള വിമാനത്താവള പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഡ്രോൺ സർവേ നടത്തിയതിനെച്ചൊല്ലി വൻ രാഷ്ട്രീയ വിവാദം പുകയുന്നു. മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ ഏജൻസിയെ എത്തിച്ചാണ് കഴിഞ്ഞ ദിവസം സർവേ നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സിപിഐഎമ്മും സിപിഐയും സർവേക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചപ്പോൾ, മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും ഭൂമാഫിയയുടെ ഇടപെടലുകൾക്കെതിരെ രംഗത്തുവന്നു. അടുത്തിടെ ആറന്മുള എംഎൽഎയായി ചുമതലയേറ്റ അബിൻ വർക്കി, വിമാനത്താവള പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് പഠനം നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ രഹസ്യ സർവേ നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

നിലവിലെ ഭരണകൂടത്തിന്റെയും അതിനോട് ബന്ധമുള്ളവരുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ ഡ്രോൺ സർവേയും ഭൂമാഫിയയുടെ ഇടപെടലുകളും നടക്കുന്നതെന്ന് പി. പ്രസാദ് എംഎൽഎ ആരോപിച്ചു. ജനവിധി കിട്ടിയെന്ന് കരുതി എന്തും ചെയ്യാൻ അവകാശമുണ്ടെന്ന് ആരും കരുതരുതെന്നും, കഴിഞ്ഞ പത്ത് വർഷമായി നടക്കാതിരുന്ന ഇത്തരം നീക്കങ്ങൾ ജനവിധിയുടെ പേരിൽ കച്ചവടക്കാർക്ക് നാടിനെ ഒറ്റി കൊടുക്കാൻ വേണ്ടിയാണെങ്കിൽ അത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഈ നീക്കത്തിന് പിന്നിൽ ഭൂമാഫിയ ആണെന്ന ആരോപണവുമായി കൊടുമൺ ആക്ഷൻ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അറിയാതെ എങ്ങനെയാണ് ഡ്രോൺ സർവേ നടത്തുകയെന്ന് ചോദ്യം ചെയ്ത കമ്മിറ്റി കൺവീനർ ഡോ. വർഗീസ് പേരയിൽ, വിമാനത്താവളം വരേണ്ടത് കുടിയൊഴിപ്പിക്കൽ ഭീഷണിയില്ലാത്ത കൊടുമണ്ണിലെ 1200 ഹെക്ടർ സർക്കാർ ഭൂമിയിലാണെന്ന് ഓർമ്മിപ്പിച്ചു. ആറന്മുളയിലെ വിമാനത്താവള പദ്ധതിയെ ശക്തമായി എതിർക്കുമെന്നും ഈ വിഷയം ഉന്നയിച്ച് ഉടൻ തന്നെ മുഖ്യമന്ത്രിയെ കാണുമെന്നും കൊടുമൺ എയർപോർട്ട് സമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *