India Mirror News

വൃക്ക ശസ്ത്രക്രിയയുടെ പേരിൽ മലേഷ്യൻ കുടുംബത്തിൽ നിന്ന് 50 ലക്ഷം തട്ടി; മലയാളിക്ക് എതിരെ പരാതി.

കൊച്ചിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് മലേഷ്യൻ തമിഴ് കുടുംബത്തിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയതായി ഗുരുതര പരാതി. എറണാകുളം സ്വദേശിയായ സാദിഖ് എന്നയാൾക്കെതിരെയാണ് മലേഷ്യയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോയമ്പത്തൂരിലെ പ്രമുഖ ആശുപത്രിയുടെ വ്യാജ ലെറ്റര്‍പ്പാഡുണ്ടാക്കിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. മലേഷ്യയിൽ താമസക്കാരനായ തമിഴരശൻ (63) എന്ന വൃക്കരോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായാണ് ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട സാദിഖിന് കുടുംബം പണം കൈമാറിയത്. കോയമ്പത്തൂരിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുള്ള എല്ലാ രേഖകളും തയ്യാറാണെന്നും പണവുമായി എത്തിയാൽ മതിയെന്നും വിശ്വസിപ്പിച്ചതിനെ തുടർന്ന് 5 ലക്ഷം രൂപ നേരിട്ടും 45 ലക്ഷം രൂപ ബാങ്ക് വഴിയും ഇവർ കൈമാറുകയായിരുന്നു. പണം വാങ്ങിയ ശേഷം സാദിഖ് മുങ്ങുകയും കഴിഞ്ഞ രണ്ട് വർഷമായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്തു. പിന്നീട് കുടുംബം കോയമ്പത്തൂരിലെ ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോഴാണ് രോഗിയുടെ പേര് പോലും അവിടെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്നും തിരിച്ചറിഞ്ഞത്. നിലവിൽ തമിഴരശൻ അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ മറ്റൊരു ആശുപത്രിയിൽ ചികിത്സയിലാണ്.

തട്ടിപ്പിനിരയായ വിവരം മനസ്സിലാക്കിയ രോഗിയുടെ സഹോദരി തമിഴരശിയും ബന്ധുക്കളും രണ്ടാഴ്ച മുൻപ് കൊച്ചിയിലെത്തി സാദിഖിനെ ബന്ധപ്പെട്ടിരുന്നു. അപ്പോൾ രണ്ട് ആഴ്ചത്തെ സമയം ചോദിച്ച സാദിഖ്, തൊട്ടടുത്ത ദിവസം തന്റെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വരാൻ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ ഫ്ലാറ്റിലെത്തിയ ഇവരെ സെക്യൂരിറ്റി ജീവനക്കാർ അകത്തേക്ക് കടത്തിവിട്ടില്ല. തുടർന്ന് കൊച്ചി നോർത്ത് സ്റ്റേഷനിലെ ചില പൊലീസുകാർ സ്ഥലത്തെത്തി ഫ്ലാറ്റിനുള്ളിൽ കയറി സാദിഖുമായി സംസാരിച്ച ശേഷം മലേഷ്യൻ കുടുംബത്തെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ സ്റ്റേഷനിലെത്തിയ സാദിഖിന്റെ ഭാര്യയും അഭിഭാഷകനും മലേഷ്യൻ കുടുംബം തങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി പരാതി നൽകിയെങ്കിലും പോലീസ് ഈ പരാതി സ്വീകരിക്കാൻ തയ്യാറായില്ല. എന്നാൽ മലേഷ്യൻ കുടുംബം പണം കൈമാറിയതിന്റെ കൃത്യമായ ബാങ്ക് രേഖകൾ അടക്കം നോർത്ത് പൊലീസിന് കൈമാറിയിട്ടും സാദിഖിനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. തങ്ങളുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടുവെന്നും പണം തിരികെ ലഭിക്കാതെ നാട്ടിലേക്ക് മടങ്ങാൻ കഴിയില്ലെന്നും കണ്ണീരോടെ രോഗിയുടെ സഹോദരി വ്യക്തമാക്കുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *