India Mirror News

ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തി; ഫിഫയ്‌ക്കെതിരെ ഫ്രാൻസ്

ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തി; ഫിഫയ്‌ക്കെതിരെ ഫ്രാൻസ്

ഫ്രഞ്ച് സൂപ്പർതാരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ നൽകിയ അപ്പീൽ അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ തള്ളി. പരാഗ്വയ്ക്കെതിരായ മത്സരത്തിനിടെയാണ് ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. ഈ മത്സരത്തിൽ പതിമൂന്നോളം ഫൗളുകൾ ചെയ്ത് കടുത്ത പരുക്കൻ കളി പുറത്തെടുത്തിട്ടും പരാഗ്വായ് താരങ്ങൾക്ക് നേരെ ഒരു മഞ്ഞക്കാർഡ് പോലും ഉയർത്താത്ത റഫറിയുടെ നിലപാട് നേരത്തെ തന്നെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ ബോസ്നിയക്കെതിരായ മത്സരത്തിൽ യുഎസ് താരം ബലോഗന് ലഭിച്ച റെഡ് കാർഡ്, യുഎസ്-ബെൽജിയം പ്രീ ക്വാർട്ടറിന് തൊട്ടുമുമ്പ് ഫിഫയും അമേരിക്കൻ പ്രസിഡന്റ് ട്രംപും ചേർന്ന് ഇടപെട്ട് പിൻവലിപ്പിക്കുകയും താരത്തിന് കളിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ഈ ഇരട്ടത്താപ്പിനെതിരെ കടുത്ത ഭാഷയിലാണ് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാമ്പ്സ് പ്രതികരിച്ചത്. ഫിഫ തങ്ങളുടെ അപ്പീൽ തള്ളിയതായും ഒലീസെയുടെ മഞ്ഞക്കാർഡ് നിലനിർത്തിയതായും സ്ഥിരീകരിച്ച അദ്ദേഹം, ഇതേ ടൂർണമെന്റിൽ ഒരു അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിക്കാൻ ഫിഫ ഉപയോഗിച്ച നിയമം എന്താണെന്ന് തങ്ങൾക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും തുറന്നടിച്ചു. മൊറോക്കോയ്‌ക്കെതിരെ നടക്കാനിരിക്കുന്ന നിർണായക ക്വാർട്ടർ ഫൈനലിൽ ഒലീസെയ്ക്ക് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാൽ ഫ്രാൻസിന്റെ അടുത്ത ലോകകപ്പ് മത്സരം താരത്തിന് നഷ്ടമാകും എന്നതാണ് ഇതിലെ ഏറ്റവും വലിയ തിരിച്ചടി.

ലോകകപ്പിൽ ഫ്രാൻസിന്റെ അപരാജിത മുന്നേറ്റത്തിന് കൈലിയൻ എംബാപെയും ഡംബെലെയും കൈയടി നേടുമ്പോൾ, അത്രത്തോളം ആഘോഷിക്കപ്പെടാതെ പോകുന്ന ഫ്രഞ്ച് പടയുടെ യഥാർത്ഥ വിജയശില്പിയാണ് മൈക്കിൾ ഒലീസെ. സ്വീഡനെതിരായ നോക്കൗട്ട് മത്സരത്തിൽ ഫ്രാൻസിന്റെ വിജയമുറപ്പിച്ച രണ്ട് അസിസ്റ്റുകൾ നൽകിയത് ഒലീസെയായിരുന്നു. നിലവിൽ 5 അസിസ്റ്റുകളുമായി ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡും ഒലീസെയുടെ പേരിലാണ്. കളിയിലെ ശാന്തതയും തനിമയും കാരണം ആരാധകർക്കിടയിൽ ‘മിസ്റ്റർ നോൺഷാലന്റ്’ എന്നറിയപ്പെടുന്ന ഒലീസെ ഇത്തവണത്തെ ലോകകപ്പിന്റെ താരമായി മാറുമെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. കഴിഞ്ഞ ക്ലബ് സീസണിൽ ബുണ്ടസ് ലീഗിൽ ബയേൺ മ്യൂണിക്കിനായി 32 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 19 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. കൂടാതെ 13 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളും നേടി മികച്ച ഫോമിൽ നിൽക്കുന്ന താരത്തിന്റെ കാർഡ് പിൻവലിക്കാത്ത ഫിഫയുടെ നിലപാട് ഫ്രഞ്ച് ക്യാമ്പിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *