സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിക്കൊണ്ട് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പുതുതായി പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളെ കൂടി ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളുടെ എണ്ണം ഒമ്പതായി ഉയർന്നു. ഈ ജില്ലകൾക്ക് പുറമെ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലേർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തമായതും ന്യൂനമർദ്ദ പാത്തിയുടെ സാന്നിധ്യവുമാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കാൻ കാരണമായിരിക്കുന്നത്. ഓറഞ്ച് അലേർട്ടുള്ള പ്രദേശങ്ങളിൽ 204 മില്ലിമീറ്റർ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന വിവരം.
മഴ കനക്കുന്ന പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്. ഇതിനുപുറമെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ സ്വാഭാവികമായ ഒന്നല്ലെന്ന് ഐഎംഡി ഡയറക്ടർ നിതാ കെ ഗോപാൽ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മുന്നറിയിപ്പുകൾ നൽകുന്നതിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും, വയനാട്ടിൽ യെല്ലോ അലേർട്ടിന് സമാനമായ സാഹചര്യമായിരുന്നിട്ടും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അവിടെയാണെന്നും അവർ വ്യക്തമാക്കി. വരും ദിവസങ്ങളിലും മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ കർശന ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. രാവിലെ മുതൽ തന്നെ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്.



