India Mirror News

അവയവക്കച്ചവട കേസ്: ലേക്‌ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് ഇഡി; വൻ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്.

അവയവക്കച്ചവട കേസ്: ലേക്‌ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് ഇഡി; വൻ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്.

കൊച്ചി: അവയവക്കച്ചവടത്തിനായി വ്യാജരേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കിക്കൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർണായക നീക്കം നടത്തി. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ലേക്‌ഷോറിന്റെ മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുള്ളയെ ഇ.ഡി സംഘം വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ മാസം ലേക്‌ഷോർ അടക്കമുള്ള വിവിധ സ്വകാര്യ ആശുപത്രികളിലും, ഈ അവയവക്കച്ചവട റാക്കറ്റിന്റെ മുഖ്യകണ്ണിയായ കാസർകോട് സ്വദേശി മുഹമ്മദ് നജീബിന്റെ വീടുൾപ്പെടെ ഒൻപതിടങ്ങളിലും ഇ.ഡി വ്യാപകമായ റെയ്ഡുകൾ നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ പിടിച്ചെടുത്ത നിർണായക രേഖകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആശുപത്രി എം.ഡിയിലേക്ക് ചോദ്യം ചെയ്യൽ നീണ്ടിരിക്കുന്നത്. മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അന്തർസംസ്ഥാന അവയവക്കച്ചവട സംഘത്തിന് കേരളത്തിലെ ചില പ്രമുഖ സ്വകാര്യ ആശുപത്രികളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്ത് വലിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് കടന്നത്.

ഈ സ്വകാര്യ ആശുപത്രികളിൽ വ്യാപകമായി നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ. അവയവ ദാതാവിനെയും സ്വീകർത്താവിനെയും ആശുപത്രികളിൽ എത്തിച്ച് ഓരോ തവണ പരിശോധനകൾ നടത്തുമ്പോഴും, ഈ തട്ടിപ്പ് റാക്കറ്റിന് ആശുപത്രി അധികൃതരിൽ നിന്ന് കൃത്യമായി കമ്മീഷൻ തുക ലഭിച്ചിരുന്നു. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിലൂടെ ആശുപത്രികളും റാക്കറ്റും തമ്മിൽ നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ വിവരങ്ങൾ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ലേക്‌ഷോർ എം.ഡി എസ്. കെ. അബ്ദുള്ള നൽകിയ മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും ഈ കേസിൽ കൂടുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശനമായ തുടനടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടക്കുക.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *