ബനിഹാൾ: ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലുള്ള സർക്കാർ സ്കൂളിൽ പകുതിവച്ച് പൂട്ടിപ്പോയ ക്ലാസ് മുറിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മണിക്കൂറുകളോളം കുടുങ്ങിയ സംഭവത്തിൽ സ്കൂളിലെ മുഴുവൻ ജീവനക്കാരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. 15 ദിവസത്തെ വേനൽക്കാല അവധിക്കായി സ്കൂൾ അടയ്ക്കുന്നതിനിടെ ക്ലാസ് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ശ്രദ്ധിക്കാതെ ജീവനക്കാർ പൂട്ടി സ്ഥലം വിടുകയായിരുന്നു. ഉറക്കം ഉണർന്നപ്പോൾ മുറിക്കുള്ളിൽ അകപ്പെട്ടതായി മനസ്സിലാക്കിയ കുട്ടി നിലവിളിച്ചെങ്കിലും ജീവനക്കാർ ആരും പരിസരത്തില്ലായിരുന്നു. ഒടുവിൽ രാത്രിയോടെ സ്കൂളിന് സമീപത്തു കൂടി പോയ ഒരു കാൽനട യാത്രക്കാരനാണ് കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷകനായെത്തിയത്. തുടർന്ന് ഇദ്ദേഹം ക്ലാസ് മുറിയിൽ കുടുങ്ങിയ വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ഈ വീഡിയോ വലിയ രീതിയിൽ വൈറലായതോടെയാണ് കുട്ടിയെ പൂട്ടിയിട്ട വിവരം അധ്യാപകരും മറ്റ് ജീവനക്കാരും പോലും അറിയുന്നത്. ഗുരുതരമായ ഈ വീഴ്ചയെക്കുറിച്ച് മുഖ്യ വിദ്യാഭ്യാസ ഓഫീസർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



