കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) പുറത്ത്. ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ ജയിലിലടയ്ക്കുമെന്ന് തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ പ്രധാന വെളിപ്പെടുത്തൽ. ലക്ഷ്മിപ്രിയ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്ഐയുടെ സാന്നിധ്യത്തിൽ അൻസിബയെ ചോദ്യം ചെയ്തതായും, നിയമവിരുദ്ധമായി സ്റ്റേഷനിൽ വിളിച്ചുവരുത്തി നടിയെ തടഞ്ഞുവെച്ചതായും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഭീഷണിപ്പെടുത്തി സ്റ്റേഷൻ റെക്കോർഡുകളിൽ ഒപ്പിടാൻ നിർബന്ധിക്കുകയും അൻസിബയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി രേഖകൾ തയ്യാറാക്കി ഉപയോഗിക്കുകയും ചെയ്ത സംഭവത്തിൽ പത്തോളം വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്.
കോടതിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, എസ്ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകിയത്. തൃപ്പൂണിത്തുറ വനിതാ സെല്ലിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചെന്നും, സ്റ്റേഷൻ രേഖകളിൽ മാപ്പ് എഴുതി വാങ്ങി ഒപ്പിടിവിച്ച ശേഷം പ്രതികൾക്ക് അനുകൂലമായ രീതിയിൽ താൻ അറിയാതെ അതിൽ തിരുത്തലുകൾ വരുത്തിയെന്നുമാണ് അൻസിബ ആരോപിക്കുന്നത്. ഈ വിഷയത്തിൽ അൻസിബ നേരത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നെങ്കിലും കേസിൽ കഴമ്പില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഇതിനെ തുടർന്നാണ് നീതി തേടി നടി കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് സമ്പാദിച്ചതും.



