India Mirror News

അരമനയിലെ പ്രതിഷേധത്തിനിടെ തനിക്ക് മർദനമേറ്റു; വെളിപ്പെടുത്തലുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

അരമനയിലെ പ്രതിഷേധത്തിനിടെ തനിക്ക് മർദനമേറ്റു; വെളിപ്പെടുത്തലുമായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ തനിക്ക് ക്രൂരമായ മർദനമേറ്റിരുന്നതായി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പ്രതിഷേധക്കാർ തന്റെ പുറത്ത് ആഞ്ഞടിച്ചെന്നും തന്റെ ഡ്രൈവറെ ചവിട്ടി വീഴ്ത്തിയെന്നുമാണ് ബിഷപ്പ് വ്യക്തമാക്കിയത്. തന്നെ മർദിച്ചത് ആരാണെന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും, അത് ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന വ്യക്തിയാണെന്ന വ്യക്തമായ സൂചന പാംപ്ലാനി നൽകി. മാസങ്ങൾക്ക് മുൻപ് എറണാകുളം അരമനയിൽ വെച്ച് നടന്ന ഈ അനിഷ്ട സംഭവത്തെക്കുറിച്ച് അദ്ദേഹം ഇപ്പോഴാണ് പരസ്യമായി പ്രതികരിക്കുന്നത്. തന്റെ പുറത്തേറ്റ അടിയിലുണ്ടായ കൈവിരൽ പാടുകൾ ഒരു മാസത്തോളമായി മായാതെ കിടന്നിരുന്നുവെന്നും, ഇതേ വ്യക്തി തന്നെയാണ് തന്റെ ഡ്രൈവറെ അരമനയിൽ വെച്ച് ചവിട്ടി വീഴ്ത്തി കഴുത്തിൽ ചവിട്ടിപ്പിടിച്ചതെന്നും ബിഷപ്പ് വിവരിച്ചു.

ചിലർ ഈ തർക്കങ്ങൾക്കിടയിൽ അനാവശ്യമായി നുഴഞ്ഞുകയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും അത്തരക്കാരെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് ദുക്റാന ആചരണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു ബിഷപ്പ് ഹൗസിൽ വെച്ചുണ്ടായ ഈ ദുരനുഭവം പാംപ്ലാനി പങ്കുവെച്ചത്. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി കടുത്ത തർക്കങ്ങളും കനത്ത പ്രതിഷേധങ്ങളും നിലനിൽക്കുന്നുണ്ട്. നിലവിൽ ഇരുവിഭാഗങ്ങളും തമ്മിൽ സമവായത്തിന്റെ പാതയിലാണെങ്കിലും, സിനഡ് തീരുമാനിച്ച രീതിയിലുള്ള ഏകീകൃത കുർബാന പൂർണ്ണ അർത്ഥത്തിൽ ഇതുവരെ ഇവിടെ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *