സ്ത്രീകൾക്കായി സൗജന്യ ബസ് യാത്ര അനുവദിച്ചിട്ടുള്ള രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ ഒന്നായി കേരളവും മാറിയിരിക്കുകയാണ്. വെറുമൊരു സൗജന്യ പദ്ധതിയെന്നതിലുപരി, സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാനും തൊഴിൽ തേടി പുറത്തിറങ്ങാൻ അവരെ പ്രേരിപ്പിക്കാനുമുള്ള പുരോഗമനപരമായ ചുവടുവെപ്പായാണ് സർക്കാരുകൾ ഇത്തരം പദ്ധതികളെ വിലയിരുത്തുന്നത്. 2047-ഓടെ ഇന്ത്യയൊരു വികസിത രാജ്യമായി മാറണമെങ്കിൽ കൂടുതൽ സ്ത്രീകൾ ഔദ്യോഗിക തൊഴിൽ രംഗത്തേക്ക് വരികയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ രാജ്യത്തെ യാഥാർത്ഥ്യം മറ്റൊന്നാണ്; ഇന്ത്യയിലെ 92 ശതമാനത്തിലധികം സ്ത്രീകളും വരുമാനമില്ലാത്ത വീട്ടുജോലികളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് പ്രമുഖ മാധ്യമമായ ‘ദ വീക്കിൽ’ എഴുതിയ ലേഖനത്തിൽ ബാലചന്ദ്ര വിശ്വാറാം വ്യക്തമാക്കുന്നു. അവർ ദിനംപ്രതി കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും അതിൽ നിന്നും യാതൊരുവിധ വരുമാനവും ലഭിക്കുന്നില്ല എന്നതാണ് ഇതിനർത്ഥം.
സ്വന്തമായി വരുമാനമില്ലാത്തതിന്റെ പ്രതിഫലനം രാജ്യത്തെ നിക്ഷേപ രംഗത്തും പ്രകടമാണ്. ഇന്ത്യയിലെ നാലിൽ ഒരാൾ മാത്രമാണ് സ്ത്രീ നിക്ഷേപകയായിട്ടുള്ളത്, അതായത് ഏകദേശം 3 മുതൽ 3.5 കോടി വരെ സ്ത്രീകൾ മാത്രമാണ് രാജ്യത്ത് നിലവിൽ സജീവമായി നിക്ഷേപം നടത്തുന്നത്. സ്ത്രീകൾക്ക് സ്വന്തം ഇഷ്ടപ്രകാരം മാറ്റിവെക്കാൻ തക്കവണ്ണം കൈയിൽ പണമില്ലാത്തതാണ് ഇതിന് പ്രധാന കാരണം. പലചരക്ക് സാധനങ്ങൾ, ആഹാരം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കുടുംബ ആവശ്യങ്ങൾക്കായി സ്വന്തം കയ്യിലെ പണം മുഴുവൻ അവർ യാതൊരു മടിയുമില്ലാതെ ചിലവഴിക്കുന്നു. ചുരുക്കത്തിൽ, സ്ത്രീകൾ കഠിനമായി ജോലി ചെയ്യുന്നുണ്ടെങ്കിലും അതിന് പ്രതിഫലം ലഭിക്കുന്നില്ല, അതോടൊപ്പം കുടുംബത്തിനായി തങ്ങളുടെ കയ്യിലുള്ള തുക മുഴുവൻ ചിലവഴിക്കേണ്ടിയും വരുന്നു. ഈ ഇരട്ടപ്രഹരമാണ് അവരെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ നിന്നും എന്നും അകറ്റി നിർത്തുന്നത്.
ഈ സാഹചര്യത്തിലാണ് സ്ത്രീകളെ ഔദ്യോഗിക തൊഴിൽ മേഖലയിലേക്ക് ആകർഷിക്കേണ്ടതിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്. എന്നാൽ സ്ത്രീകൾ ആഗ്രഹിക്കുന്ന ജോലികൾ എപ്പോഴും വീടിനടുത്താകണമെന്നില്ല. ജോലിസ്ഥലത്ത് എത്താൻ അവർക്ക് പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടി വരുമ്പോൾ, ആ യാത്രാച്ചിലവ് അവരുടെ ആകെ സമ്പാദ്യത്തെ വലിയ രീതിയിൽ ബാധിക്കും. നിലവിലെ കണക്കുകൾ പ്രകാരം ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യാൻ മാത്രം ഒരു വ്യക്തിക്ക് പ്രതിമാസം 1,000 രൂപ മുതൽ 4,000 രൂപ വരെ ചിലവ് വരുന്നുണ്ട്. ഇന്ധനവില വർദ്ധിക്കുന്നതിനനുസരിച്ച് ഈ യാത്രാച്ചിലവ് വർഷം തോറും കൂടുകയും ചെയ്യും. ഈ സാഹചര്യത്തിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന സൗജന്യ യാത്രാ സൗകര്യം അവരുടെ വലിയൊരു സാമ്പത്തിക ബാധ്യത ഒഴിവാക്കാനും അവരെ തൊഴിൽ മേഖലയിലേക്ക് കൂടുതൽ അടുപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



