ആലപ്പുഴയിലെ ദേശീയപാതയിൽ വൻ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയുടെ റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കളക്ടറുടെ ഈ നിർണായക നടപടി. ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകൾ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് ദേശീയപാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കനത്ത മർദ്ദം താങ്ങാൻ ശേഷിയുള്ള ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കേണ്ട സ്ഥാനത്ത് ഗുണനിലവാരം കുറഞ്ഞ ഫൈബർ പൈപ്പുകളാണ് ഇവിടെ ഉപയോഗിച്ചത്. തുടർന്ന് ഈ പൈപ്പ് പൊട്ടിയതാണ് റോഡ് ഇടിഞ്ഞുതാഴ്ന്ന് വലിയ ഗർത്തം രൂപപ്പെടാൻ കാരണമായത്. മുൻപ് സ്ഥാപിച്ച ഫൈബർ പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന് ജല അതോറിറ്റി കരാറുകാരന് കർശന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അതേസമയം, മുൻപ് ഉണ്ടായ സമാനമായ അപകടങ്ങൾക്ക് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട പല സുരക്ഷാ ഓഡിറ്റുകളും ഇനിയും എങ്ങുമെത്താതെ നീളുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് കേരളത്തിലുടനീളം അപകടസാധ്യതയുള്ള 387 ഇടങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ ആറ് മാസം പിന്നിട്ടിട്ടും ഈ പരിശോധനകൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. നേരത്തെ അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ തകർന്നു വീണ് ഒരാൾ മരണപ്പെട്ട സംഭവത്തിലും സുരക്ഷാ ഓഡിറ്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആലപ്പുഴയിലും നിർമ്മാണത്തിലെ അനാസ്ഥ മൂലം റോഡ് തകർന്നതും കളക്ടർ പുതിയ സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ടതും.



