ന്യൂഡൽഹി: ട്രെയിൻ യാത്രകൾക്കിടയിൽ റെയിൽവേ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇനി മുതൽ കനത്ത സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരും. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുത്തനെ കൂട്ടിക്കൊണ്ടുള്ള റെയിൽവേ നിയമ ഭേദഗതികൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ചെറിയ കുറ്റകൃത്യങ്ങൾക്ക് ക്രിമിനൽ നടപടികൾ ഒഴിവാക്കി പകരം വലിയ തുക സാമ്പത്തിക പിഴയായി ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘ജൻ വിശ്വാസ് (ഭേദഗതി) ആക്ട്, 2026’ ന്റെ ഭാഗമായാണ് ഈ പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ടിക്കറ്റില്ലാത്ത യാത്ര, റിസർവ്ഡ് കോച്ചുകളിലെ അനധികൃത പ്രവേശനം, റെയിൽവേ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യൽ എന്നിവയ്ക്ക് ഈ ജൂലൈ മാസം മുതൽ ഭീമമായ തുക പിഴയായി നൽകേണ്ടി വരും.
പുതിയ പരിഷ്കാര പ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് റെയിൽവേ ആക്ട് സെക്ഷൻ 137 അനുസരിച്ച് അവർ യാത്ര ചെയ്ത ദൂരത്തിന്റെ യഥാർത്ഥ നിരക്കിനൊപ്പം കുറഞ്ഞത് 500 രൂപ അധിക പിഴയായി ഈടാക്കുന്നതാണ്. കൂടാതെ, വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള കോച്ചുകളിലോ ബെർത്തുകളിലോ പുരുഷന്മാർ അതിക്രമിച്ചു കയറിയാൽ റെയിൽവേ ആക്ട് സെക്ഷൻ 162 പ്രകാരം 2500 രൂപ പിഴയടക്കേണ്ടി വരും. ഇതിന് പുറമെ ഇത്തരക്കാരെ ഉടൻ തന്നെ കോച്ചിൽ നിന്നും പുറത്താക്കാനുള്ള പൂർണ്ണ അധികാരവും റെയിൽവേ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരിക്കുന്നതാണ്. നിയമങ്ങൾ കർശനമാകുന്നതോടെ യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കേണ്ടി വരും.



