India Mirror News

ഈണങ്ങളുടെ രാജകുമാരൻ; എം.ജി. രാധാകൃഷ്ണൻ ഓർമ്മയായിട്ട് ഇന്ന് 16 വർഷം

ഈണങ്ങളുടെ രാജകുമാരൻ; എം.ജി. രാധാകൃഷ്ണൻ ഓർമ്മയായിട്ട് ഇന്ന് 16 വർഷം

തിരുവനന്തപുരം: മലയാളികളുടെ കാതുകളിൽ ഈണങ്ങളുടെ വസന്തം തീർത്ത പ്രിയ സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണൻ ഓർമ്മയായിട്ട് ഇന്ന് 16 വർഷം തികയുന്നു. ഒന്നര പതിറ്റാണ്ടിപ്പുറവും അദ്ദേഹം സമ്മാനിച്ച ശ്രുതിമധുരമായ ഗാനങ്ങളിലൂടെ മലയാളി ഹൃദയങ്ങളിൽ ഒരു നിത്യഹരിത സാന്നിധ്യമായി അദ്ദേഹം ഇന്നും ജീവിക്കുകയാണ്. ലളിതസുന്ദരമായ ഈണങ്ങളായിരുന്നു എം.ജി. രാധാകൃഷ്ണൻ എന്ന പ്രതിഭയുടെ പ്രധാന സവിശേഷത. പ്രണയവും വിരഹവും സ്നേഹവും തുളുമ്പുന്ന ആ ഈണങ്ങൾ ഭാവസാന്ദ്രമായ ഒരു അപൂർവാനുഭൂതിയാണ് സിനിമാപ്രേമികൾക്ക് സമ്മാനിച്ചത്. ഹൃദയം തൊട്ടറിഞ്ഞായിരുന്നു ഓരോ മലയാളിയും ആ ഗാനങ്ങൾ ഏറ്റെടുത്തത്.

ആകാശവാണിയുടെ ലളിത സംഗീതവിഭാഗത്തിലൂടെയായിരുന്നു എം.ജി. രാധാകൃഷ്ണന്റെ സംഗീത സപര്യയുടെ തുടക്കം. അദ്ദേഹത്തിന്റെ വരവോടെ ആകാശവാണിയിലെ ‘ലളിതസംഗീതപാഠം’ എന്ന പരിപാടി ജനങ്ങൾക്കിടയിൽ വൻ ജനപ്രീതി നേടി. തുടർന്ന് ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിൽ സി.ഒ. ആന്റോയ്ക്കൊപ്പം ‘ഉണ്ണി ഗണപതിയെ’ എന്ന ഗാനം ആലപിച്ചുകൊണ്ട് ഗായകനായാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 1978-ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംഗീതസംവിധായകനായി മാറി. തനതായ പ്രതിഭയുടെ കൈയൊപ്പ് ചാർത്തിയ ഈണങ്ങളിലൂടെ മലയാള ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടുതവണയാണ് എം.ജി. രാധാകൃഷ്ണനെ തേടിയെത്തിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *