തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ രാത്രികാല പോസ്റ്റുമോർട്ടം നടത്തണമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കുന്നതിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയെ അറിയിച്ചു. ഇതിനായുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇടപെടലുകൾ നടത്തിയിരുന്നെങ്കിലും അത് പൂർണ്ണമായി ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യത്തിന് ജീവനക്കാരെയോ അനുബന്ധ അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായി ഉറപ്പുവരുത്താതെ നിലവിലുള്ള ജീവനക്കാരെ രാത്രി ജോലിക്ക് നിർബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ തന്നെ ഉത്തരവുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലും കാസർഗോഡ് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്റ്റുമോർട്ടം സൌകര്യം ഏർപ്പെടുത്തണമെന്നായിരുന്നു കോടതിയുടെ നിർദേശം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോൾ അനുസരിച്ച്, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള രാജ്യത്തെ ആശുപത്രികളിൽ രാത്രിയിലും പോസ്റ്റുമോർട്ടം നടത്താൻ നിയമപരമായ അനുവാദമുണ്ട്. പരമ്പരാഗതമായി പകൽ വെളിച്ചത്തിൽ മാത്രം ചെയ്തുവന്നിരുന്ന ഈ ശസ്ത്രക്രിയാ നടപടിക്രമം, അവയവദാന പ്രക്രിയകൾ കൂടുതൽ വേഗത്തിലാക്കാനും മൃതദേഹങ്ങൾ കാലതാമസമില്ലാതെ ബന്ധുക്കൾക്ക് വിട്ടുനൽകാനും ലക്ഷ്യമിട്ടാണ് 24 മണിക്കൂറാക്കി മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്നാൽ, കേന്ദ്രത്തിന്റെ ഈ ഉത്തരവ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് തന്നെ കേരളത്തിൽ രാത്രികാല പോസ്റ്റുമോർട്ടം അനുവദിച്ചുകൊണ്ട് പ്രത്യേക ഉത്തരവ് നിലവിലുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് അവയവദാനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും, മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ച രോഗികളിൽ നിന്ന് അവയവങ്ങൾ എടുത്ത ശേഷം ഇൻക്വസ്റ്റ് അടക്കമുള്ള പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് അന്ന് കേരളം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.



