India Mirror News

അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ; ട്രംപിന്റെ അവകാശവാദം തള്ളി മസൂദ് പെസഷ്‌കിയാൻ സർക്കാർ.

അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ; ട്രംപിന്റെ അവകാശവാദം തള്ളി മസൂദ് പെസഷ്‌കിയാൻ സർക്കാർ.

തെഹ്‌റാൻ: അമേരിക്കയുമായി ഇന്ന് ഖത്തറിൽ വെച്ച് സാങ്കേതികതല ചർച്ച നടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം പൂർണ്ണമായും തള്ളി ഇറാൻ രംഗത്തെത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നു. ഇറാൻ ചർച്ചയ്ക്ക് അഭ്യർത്ഥിച്ചുവെന്ന ട്രംപിന്റെ വാദം തള്ളിയ ഇറാൻ വിദേശകാര്യ വക്താവ്, തങ്ങൾക്ക് അമേരിക്കയുമായി നേരിട്ട് യാതൊരു ചർച്ചയുമില്ലെന്ന് വ്യക്തമാക്കി. തങ്ങളുടെ മരവിപ്പിച്ച സ്വത്തുക്കൾ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മാത്രമാണ് ഇറാൻ പ്രതിനിധി സംഘം ഈ ആഴ്ച ഖത്തർ സന്ദർശിക്കുന്നത്. ജൂൺ 17-ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രം നടപ്പിലാക്കുന്നതിനെക്കുറിച്ചും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുന്നത് സംബന്ധിച്ചുമുള്ള തുടൺനടപടികൾക്കുമായാണ് വിദഗ്ധ സംഘത്തെ ദോഹയിലേക്ക് അയക്കുന്നത്. അതേസമയം, അമേരിക്ക തയ്യാറായാൽ ഇറാനും കരാർ വ്യവസ്ഥകൾ പാലിക്കുമെന്നും എന്നാൽ ഏതൊരു ഭീഷണിയോടും രാജ്യം ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ തുറന്നടിച്ചു. നേരത്തെ, കരാർ വ്യവസ്ഥകൾ ലംഘിച്ച് ഇരുരാജ്യങ്ങളും തമ്മിൽ വീണ്ടും ആരംഭിച്ച സംഘർഷങ്ങൾക്ക് പിന്നാലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയായെന്നും ദോഹയിൽ ചർച്ച നടക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടിരുന്നു.ജൂൺ 17-ന് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിൽ വെടിനിർത്തൽ, ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം, എണ്ണ കയറ്റുമതി, മരവിപ്പിച്ച സ്വത്തുക്കളുടെ മോചനം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട 14 വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ ധാരണാപത്രത്തിൽ ഒപ്പുവെച്ച് ദിവസങ്ങൾക്കകം തന്നെ വ്യവസ്ഥകൾ പാടെ ലംഘിച്ച് ആക്രമണവും തിരിച്ചടികളുമായി ഇരുരാജ്യങ്ങളും രംഗത്തെത്തുകയായിരുന്നു. ഹോർമുസ് കടലിടുക്കിൽ വെച്ച് ചരക്കുകപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ശക്തമായ തിരിച്ചടിയുമായി അമേരിക്ക രംഗത്തെത്തി. ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാർ സംവിധാനങ്ങളിലും അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിലവിൽ ധാരണാപത്രം നടപ്പാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അമേരിക്ക വ്യവസ്ഥകൾ പാലിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *