കൊൽക്കത്ത: ‘ദി ടെലിഗ്രാഫ്’ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ നീക്കങ്ങളുമായി കൊൽക്കത്ത പാസ്‌പോർട്ട് ഓഫീസ് അധികൃതർ രംഗത്തെത്തി. പൊലീസിന്റെ പുനഃപരിശോധന ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ അധികൃതർ അദ്ദേഹത്തോട് നിർദ്ദേശിച്ചതിനെ തുടർന്ന് ആർ. രാജഗോപാൽ പാസ്‌പോർട്ട് ഓഫീസിലേക്ക് ഇമെയിൽ വഴി അപേക്ഷ സമർപ്പിച്ചു. എന്നാൽ വിഷയത്തിൽ കൊൽക്കത്ത പൊലീസ് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കൊൽക്കത്തയിലെ വസതിയിലെത്തി രാജഗോപാലിനെ സന്ദർശിച്ചു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പശ്ചിമ ബംഗാൾ പിസിസി അധ്യക്ഷൻ ശുഭാങ്കർ സർക്കാർ എന്നിവരും കെ.സി. വേണുഗോപാലിനൊപ്പമുണ്ടായിരുന്നു. പാസ്‌പോർട്ട് ലഭിക്കുന്നതിനേക്കാൾ ഉപരി ഇത്തരമൊരു വിഷയത്തിൽ കൃത്യമായ നയപരമായ വ്യക്തത (പോളിസി ക്ലാരിറ്റി) വരുത്തേണ്ടത് അത്യാവശ്യമാണെന്ന് രാജഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയം ഇതിലൊരു പ്രസ്താവന ഇറക്കിയാൽ തീരുന്ന പ്രശ്നമാണിതെന്നും താൻ എഴുതിയതും പ്രതികരിച്ചതും ഈ നയപരമായ വ്യക്തതയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ ഒരു പ്രശ്നമായി മാറ്റാതെ, നിരവധി ആളുകളെ ബാധിക്കുന്ന ഈ വിഷയത്തിൽ പഴയ നിയമമാണെങ്കിൽ പോലും അത് എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടർപട്ടികയിൽ പേര് വെട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടി പാസ്‌പോർട്ട് പുതുക്കി നൽകാൻ അധികൃതർ വിസമ്മതിച്ചതായി കഴിഞ്ഞ ദിവസമാണ് ആർ. രാജഗോപാൽ വെളിപ്പെടുത്തിയത്. പാസ്‌പോർട്ട് പുതുക്കാൻ വോട്ടർപട്ടികയിൽ പേരുണ്ടാകണം എന്നത് തനിക്ക് പുതിയ അറിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെ രാജ്യവ്യാപകമായി വലിയ പ്രതിഷേധവും രാജഗോപാലിന് പിന്തുണയുമാണ് ഉയർന്നുവന്നത്. ഒരു മുതിർന്ന മാധ്യമപ്രവർത്തകനോട് കാട്ടുന്ന ഈ സമീപനം അങ്ങേയറ്റം അപലപനീയമാണെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രതികരിച്ചു. ലോകമറിയുന്ന ഒരു പത്രാധിപർക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, അധികൃതരുടെ നടപടി ഞെട്ടലുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി. ഇന്ത്യയിൽ പൗരാവകാശങ്ങളോടെ ജീവിക്കുക എന്നത് സംഘപരിവാർ കാലത്ത് അസാധ്യമാണെന്ന് തന്നെയാണ് രാജഗോപാലിന്റെ അനുഭവം തെളിയിക്കുന്നതെന്ന് സിപിഐഎം നേതാവ് എം. സ്വരാജും വിമർശിച്ചു.



