കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ ശക്തമായി തുടരുന്നു. സിഎംആർഎൽ അധികൃതരെ കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ട അന്വേഷണമാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കമ്പനി പ്രതിനിധി ശരൻ എസ്. കർത്തയെ ഇഡി രണ്ടാമതും ചോദ്യം ചെയ്തിരുന്നു. മുൻ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട രീതിയിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ എന്ന കാര്യമാണ് കേന്ദ്ര ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്. ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ മൂന്നാം വട്ടവും ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുകയാണ്. എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന കർശന നിർദ്ദേശമാണ് വീണയ്ക്ക് അന്വേഷണസംഘം നൽകിയിട്ടുള്ളത്. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) സമർപ്പിച്ച കുറ്റപത്രത്തിലെ 134 അനുബന്ധ രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്നും ഇവയുടെ വിശദമായ പരിശോധന ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
നേരത്തെ രണ്ടുതവണ വീണ വിജയനെ ഇഡി ചോദ്യം ചെയ്തിരുന്നെങ്കിലും, സിഎംആർഎൽ ഉന്നതരും വീണയും നൽകിയ മൊഴികൾ തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നൽകിയ യഥാർത്ഥ സേവനങ്ങൾ എന്തൊക്കെയായിരുന്നു, സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയ പണം എന്തിനാണ് വിനിയോഗിച്ചത് തുടങ്ങിയ നിർണ്ണായക വിവരങ്ങളിൽ ഊന്നിയായിരുന്നു കഴിഞ്ഞ തവണത്തെ ചോദ്യം ചെയ്യൽ. ഏകദേശം 11 മണിക്കൂറോളം നീണ്ട മാരത്തോൺ ചോദ്യം ചെയ്യലിനൊടുവിലാണ് അന്ന് വീണയെ വിട്ടയച്ചത്. അന്ന് നൽകിയ സേവനങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വീണയ്ക്ക് അത് സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്താ, മകൾ ഷിബി എസ്. കർത്താ, മകൻ ശരൻ എസ്. കർത്താ എന്നിവരുൾപ്പെടെ കമ്പനിയിലെ ആറ് പ്രമുഖരെയാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇഡി ചോദ്യം ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് ചോദ്യം ചെയ്യൽ വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം.



