തിരുവനന്തപുരം: കടുത്ത ഊർജ്ജപ്രതിസന്ധി നേരിടുന്ന കേരളത്തിൽ വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരും. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള കെഎസ്ഇബിയുടെ ആദ്യഘട്ട ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, വരും ദിവസങ്ങളിൽ മഴ ശക്തമായില്ലെങ്കിൽ സംസ്ഥാനത്തെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഉയർന്ന വില നൽകി പവർ എക്സ്ചേഞ്ചുകളിൽ നിന്നും മറ്റും വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര നീക്കത്തിലാണ് കെഎസ്ഇബി. ഇതിനായി കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ മാസമൊഴികെ, ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാമെന്നാണ് കമ്മീഷന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ കെഎസ്ഇബിയുടെ അപേക്ഷ അംഗീകരിക്കുമ്പോൾ തന്നെ കടുത്ത വിമർശനങ്ങളും റെഗുലേറ്ററി കമ്മീഷൻ ഉന്നയിച്ചിട്ടുണ്ട്. വിവിധ സ്രോതസ്സുകളിൽ നിന്നും പവർ എക്സ്ചേഞ്ചുകളിൽ നിന്നും നിലവിൽ വാങ്ങിയിട്ടുള്ള വൈദ്യുതിയുടെ കൃത്യമായ വിവരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സമർപ്പിക്കാൻ കെഎസ്ഇബി തയ്യാറായില്ലെന്നാണ് പ്രധാന വിമർശനം.
സംസ്ഥാനത്ത് നിലവിലുള്ള അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ്ങിനെതിരെ ജനങ്ങൾക്കിടയിൽ വ്യാപകമായ പ്രതിഷേധമുണ്ടെന്ന് ചൂണ്ടിക്കാണിച്ച കമ്മീഷൻ, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുൻപെങ്കിലും ഉപഭോക്താക്കളെ അത് കൃത്യമായി അറിയിക്കണമെന്ന് കെഎസ്ഇബിക്ക് കർശന നിർദ്ദേശം നൽകി. കാലവർഷം ശക്തിപ്പെടുന്ന മുറയ്ക്ക് ഉയർന്ന വിലയ്ക്കുള്ള വൈദ്യുതി വാങ്ങൽ പരമാവധി കുറച്ച് സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ ബോർഡ് ശ്രദ്ധിക്കണമെന്നും ഉത്തരവിലുണ്ട്. മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഇത്തവണ ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് സമയത്തെ ആവശ്യകതയിലും വൻ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ രാത്രി വൈകിയും ജനങ്ങൾ ഉണർന്നിരിക്കുന്നത് രാത്രികാലങ്ങളിലെ ഉപഭോഗം വല്ലാതെ ഉയരാൻ കാരണമായിട്ടുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. ഇതിനൊപ്പം കാലവർഷത്തിൽ ഉണ്ടായ കനത്ത കുറവ് മൂലം കെഎസ്ഇബിയുടെ അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ 20.89 ശതമാനത്തിലേക്ക് താണിരിക്കുകയാണ്; കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 58.58 ശതമാനമായിരുന്നു എന്നുള്ളത് നിലവിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.



