ചെന്നൈ: തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ‘ഗാട്ട കുസ്തി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഗാട്ട കുസ്തി 2’ ജൂലൈ മൂന്നിന് ആഗോള റിലീസായി പ്രേക്ഷകരിലേക്ക് എത്തുന്നു. ആദ്യ ഭാഗം പോലെ തന്നെ സ്പോർട്സിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പക്കാ മാസ്സ് എന്റർടൈനർ ആയിരിക്കും ഈ സിനിമയെന്ന ശക്തമായ സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്നത്. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ഈ സ്പോർട്സ് ഡ്രാമ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് പ്രമുഖ വിതരണ കമ്പനിയായ ഇ4 എന്റർടെയിൻമെന്റ് (E4 Entertainment) ആണ്. വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും അവതരിപ്പിക്കുന്ന വീര, കീർത്തി എന്നീ കഥാപാത്രങ്ങളുടെയും അവരുടെ മകളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന രസകരവും നാടകീയവുമായ സംഭവവികാസങ്ങളാണ് രണ്ടാം ഭാഗത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയായ ഐശ്വര്യ ലക്ഷ്മിയുടെയും നായകൻ വിഷ്ണു വിശാലിന്റെയും കിടിലൻ പ്രകടനം തന്നെയാണ് ട്രെയ്‌ലറിലെ പ്രധാന ആകർഷണം. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോക്ടർ ഇഷാരി കെ ഗണേഷും വിഷ്ണു വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും സൂപ്പർ ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്.ആദ്യ ഭാഗത്തിൽ ഒരു മലയാളി പെൺകുട്ടിയായി വേഷമിട്ട ഐശ്വര്യ ലക്ഷ്മിയുടെ ആക്ഷൻ രംഗങ്ങളും ഗംഭീര പ്രകടനവുമായിരുന്നു സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഒന്നാം ഭാഗത്തിലെ പ്രധാന അഭിനേതാക്കളായ ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവർ രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവർക്കൊപ്പം തെന്നിന്ത്യൻ താരം രമ്യ കൃഷ്ണൻ, മോക്ഷ എന്നിവർ രണ്ടാം ഭാഗത്തിൽ പുതിയതായി താരനിരയുടെ ഭാഗമായിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. യോഗി ബാബു, കരുണാകരൻ, മുനിസ്‌കാന്ത്, സാറ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ശുഭ്ര, ആര്യൻ രമേശ്, ഇഷാൻ സക്‌സേന എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് കെ.എം. ഭാസ്‌കരനാണ്. ഷോൺ റോൾഡൻ സംഗീത സംവിധാനവും ഭരത് വിക്രമൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ജയചന്ദ്രൻ (ആർട്ട് ഡയറക്ടർ), രുചി മുനൊത്ത് (കോസ്റ്റ്യൂം ഡിസൈനർ), സാജിദ് അലി (സബ്‌ടൈറ്റിൽ), വിയാക്കി (പബ്ലിസിറ്റി ഡിസൈനർ), സിദ്ധാർഥ് ശ്രീനിവാസ് (മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ), ബി ജയ് ഗണേഷ്, എ ആർ ചന്ദ്രമോഹൻ (പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്സ്), സീതാറാം (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ), ശ്രാവന്തി സായ്നാഥ് (ക്രിയേറ്റീവ് പ്രൊഡ്യൂസർ), ശബരി (പിആർഒ) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. കുടുംബപ്രേക്ഷകരെയും ഒപ്പം മാസ്സ് പടങ്ങൾ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
- June 29, 2026
You can share this post!
administrator



