India Mirror News

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; അസമിൽ റെയിൽവേ പാലം തകർന്നു, അരുണാചലിൽ മരണസംഖ്യ മൂന്നായി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; അസമിൽ റെയിൽവേ പാലം തകർന്നു, അരുണാചലിൽ മരണസംഖ്യ മൂന്നായി

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും അരുണാചൽ പ്രദേശിലും കനത്ത മഴയെത്തുടർന്നുള്ള ജനജീവിതം പൂർണ്ണമായും ദുസ്സഹമാക്കി മഴക്കെടുതി രൂക്ഷമായി തുടരുന്നു. അസമിൽ മാത്രം ആറ് ജില്ലകളിലായി ഇരുപത്തിരണ്ടായിരത്തിലധികം ആളുകളെയാണ് പ്രകൃതിക്ഷോഭം നേരിട്ട് ബാധിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ 96 ഗ്രാമങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. മഴ കനത്തതോടെ അസമിലെ ധേമാജി ജില്ലയിൽ റെയിൽവേ പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണത് ഈ മേഖലയിലെ ട്രെയിൻ ഗതാഗതത്തെ പൂർണ്ണമായി തടസ്സപ്പെടുത്തിയിട്ടുണ്ട്. ധേമാജിക്ക് പുറമേ നൽബാരി, ദിബ്രുഗഡ്, ചിരാഗ്, ലഖിംപൂർ, കൊക്രാജാർ എന്നീ ജില്ലകളിലാണ് മഴ വലിയ രീതിയിൽ നാശനഷ്ടം വിതച്ചത്. ഇതിൽ ഏറ്റവും കൂടുതൽ ദുരിതം നേരിടുന്നത് ധേമാജി ജില്ലയാണ്. ഇവിടെ നദികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 15,483 പേർ ദുരിതത്തിലാവുകയും ഏകദേശം 1,690 ഹെക്ടറിലെ കൃഷിയിടങ്ങൾ പൂർണ്ണമായി നശിക്കുകയും ചെയ്തു. തുടർച്ചയായ കനത്ത മഴയെത്തുടർന്ന് ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും നിലവിൽ കരകവിഞ്ഞൊഴുകുകയാണ്. ശിവസാഗർ ജില്ലയിലെ നംഗ്ലമുരഘട്ടിൽ ദിസാങ് നദി അപകടനിലയ്ക്കും മുകളിലൂടെയാണ് ഇപ്പോൾ ഒഴുകിക്കൊണ്ടിരിക്കുന്നത്.

അതിനിടെ, പ്രളയബാധിത മേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റ പാർപ്പിച്ചതായും സംസ്ഥാനത്തെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ വ്യക്തമാക്കിയിട്ടുണ്ട്. അസമിന് തൊട്ടടുത്ത സംസ്ഥാനമായ അരുണാചൽ പ്രദേശിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. കനത്ത മഴയും വ്യാപകമായ മണ്ണിടിച്ചിലും കാരണം അരുണാചലിലെ നിരവധി ജില്ലകൾ നിലവിൽ പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലയോര മേഖലകളിൽ ഉൾപ്പെടെ നിരവധി വീടുകൾക്ക് കനത്ത മഴയിൽ ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *