India Mirror News

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരപ്രദേശങ്ങളിൽ കടലാക്രമണ ജാഗ്രത

സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു; വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരപ്രദേശങ്ങളിൽ കടലാക്രമണ ജാഗ്രത

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകാൻ ഒരുങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വരും ദിവസങ്ങളായ ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ വടക്കൻ കേരളത്തിലും പ്രത്യേകിച്ച് മലയോര മേഖലകളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മീൻപിടുത്തത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (28/06/2026) രാവിലെ 5.30 വരെ തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളത്തിന് പുറമെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അടുത്ത ദിവസങ്ങളിൽ കാലവർഷം കനക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. നിലവിൽ അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും പ്രളയ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *