India Mirror News

വെനസ്വേലയിൽ നടുക്കമായി ഇരട്ട ഭൂകമ്പം; 920 മരണം, ആയിരങ്ങളെ കാണാതായി; വൻ നാശനഷ്ടങ്ങളോടെ തകർന്ന് തരിപ്പണമായി പ്രവിശ്യകൾ

വെനസ്വേലയിൽ നടുക്കമായി ഇരട്ട ഭൂകമ്പം; 920 മരണം, ആയിരങ്ങളെ കാണാതായി; വൻ നാശനഷ്ടങ്ങളോടെ തകർന്ന് തരിപ്പണമായി പ്രവിശ്യകൾ

വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 920 ആയതായി ഔദ്യോഗിക സ്ഥിരീകരണം. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ മരണനിരക്ക് ഇനിയും കുത്തനെ ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെനസ്വേലൻ തുറമുഖ നഗരമായ ലാ ഗ്വയ്‌റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഭൂകമ്പം ഏറ്റവും കനത്ത നാശനഷ്ടങ്ങളും മരണങ്ങളും വിതച്ചിരിക്കുന്നത്. ലാ ഗ്വയ്‌റയിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇതേവരെ ഇരുന്നൂറ്റമ്പതോളം പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചിട്ടുണ്ടെങ്കിലും നൂറുകണക്കിന് ആളുകൾ ഇപ്പോഴും ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. തകർന്ന അവശിഷ്ടങ്ങൾ മാറ്റുന്നതിനുള്ള ആധുനിക യന്ത്രസാമഗ്രികളുടെ കടുത്ത അഭാവം കാരണം ദുരന്തബാധിത പ്രദേശങ്ങളിൽ പലയിടത്തും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലാ ഗ്വയ്‌റ പ്രവിശ്യയിൽ വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടിയന്തരമായി സൈന്യത്തെ വിന്യസിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.

ഭൂകമ്പത്തിന്റെ ആഘാതത്തിൽ രാജ്യത്തുണ്ടായ ഭൗതിക നാശനഷ്ടങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെനസ്വേലൻ സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. പത്തുനിലയുള്ള ഒരു പ്രമുഖ ഹോട്ടൽ ഉൾപ്പെടെ 383 വലിയ കെട്ടിടങ്ങളും, 13 ആശുപത്രികളും, 25 ഷോപ്പിംഗ് സെന്ററുകളും, ജനങ്ങളുടെ 1,002 മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും തകർന്നടിഞ്ഞിട്ടുണ്ട്. ഇതിൽ ലാ ഗ്വയ്‌റയിൽ മാത്രം 250-ലധികം കെട്ടിടങ്ങളാണ് നിലംപൊത്തിയത്. കൂടാതെ, രാജ്യത്തെ പ്രധാന തുറമുഖമായ പോർട്ടോ കാബെല്ലോ, എൽ പാലിറ്റോ എണ്ണ ശുദ്ധീകരണ ശാല എന്നിവിടങ്ങളിലെ വൈദ്യുതി ബന്ധം പൂർണ്ണമായും തകരാറിലായത് നിലവിലെ പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്. ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രഥമിക വിവരമെങ്കിലും, ഇതേക്കുറിച്ചുള്ള കൃത്യമായൊരു ഏകദേശ കണക്ക് പോലും തിട്ടപ്പെടുത്താൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *