പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേകി ഇറാന്റെ ഡ്രോൺ – മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെ വ്യോമാക്രമണം. ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച സുപ്രധാന ധാരണാപത്രത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിൽ സിംഗപ്പൂർ പതാകയുള്ള കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം ഉണ്ടായത്. യുഎസ് സിരിക് ദ്വീപ് ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണത്തിന് അതിവേഗത്തിലും ശക്തമായും തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കിയതോടെ മേഖലയിൽ യുദ്ധഭീതി ഇരട്ടിച്ചിരിക്കുകയാണ്. ഇതിനിടെ ഹോർമുസിൽ ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലല്ലാത്ത സമാന്തര ജലപാതകളിലൂടെ ഒരു തരത്തിലുള്ള കപ്പൽ ഗതാഗതവും അനുവദിക്കില്ലെന്ന കടുത്ത നിലപാടും ഇറാൻ പരസ്യമാക്കിയിട്ടുണ്ട്.
അതേസമയം, പശ്ചിമേഷ്യയിലെ മറ്റൊരു പ്രധാന തർക്കഭൂമിയായ തെക്കൻ ലെബനോനിൽ ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശങ്ങൾ കൈമാറുന്നത് സംബന്ധിച്ച കരാറിന്റെ ഔദ്യോഗിക ചട്ടക്കൂടിൽ ലെബനോനും ഇസ്രയേലും വാഷിങ്ടണ്ണിൽ വെച്ച് ഒപ്പുവെച്ചു. ലെബനോന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ സൈന്യത്തിന്റെ പൂർണ്ണമായ പിൻവാങ്ങൽ, ഈ പ്രദേശങ്ങളിന്മേൽ രാജ്യത്തിന്റെ പരമാധികാരം പുനഃസ്ഥാപിക്കൽ, പലായനം ചെയ്ത ജനങ്ങളെ സ്വന്തം നാട്ടിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരിക എന്നിവയാണ് ഈ ചരിത്ര കരാറിന്റെ പ്രധാന ലക്ഷ്യമെന്ന് ലെബനോൻ പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി. പുതിയ ധാരണപ്രകാരം തെക്കൻ ലെബനോനിലെ രണ്ട് തന്ത്രപ്രധാന പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ പിന്മാറുമെന്നും അവിടുത്തെ സുരക്ഷാ ചുമതല പൂർണ്ണമായും ലെബനീസ് സൈന്യത്തിന് വിട്ടുനൽകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ കരാർ ഇസ്രയേലിന്റെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ഒന്നാണെന്ന് ആരോപിച്ച് ഹിസ്ബുല്ല രംഗത്തെത്തിയത് വരും ദിവസങ്ങളിൽ ഈ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് പുതിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.



