India Mirror News

ലോകകപ്പ് ഫുട്ബോൾ: ഡെംബലെയ്ക്ക് ഹാട്രിക്; നോർവേയെ തകർത്തുവിട്ട് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ

ലോകകപ്പ് ഫുട്ബോൾ: ഡെംബലെയ്ക്ക് ഹാട്രിക്; നോർവേയെ തകർത്തുവിട്ട് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ

ഫുട്‌ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ നോര്‍വേയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകർത്ത് ഫ്രാന്‍സ് വമ്പന്‍ ജയം സ്വന്തമാക്കി. ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലെയുടെ തകർപ്പൻ ഹാട്രിക് പ്രകടനമാണ് മത്സരത്തിന്റെ പ്രധാന സവിശേഷതയായത്. കളി തുടങ്ങി വെറും 32 മിനിറ്റുകള്‍ക്കിടെ മൂന്നു തവണയാണ് താരം നോർവേയുടെ വല കുലുക്കിയത്. ഏഴാം മിനിറ്റിൽ ആദ്യ ഗോളും തുടർന്ന് രണ്ട് മിനിറ്റുകൾക്കകം രണ്ടാമത്തെ ഗോളും നേടിയ ഡെംബലേ, 32-ാം മിനിറ്റിൽ മൂന്നാം ഗോളും നേടി തന്റെ ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം ഫ്രഞ്ച് താരമെന്ന ബഹുമതിയും ഡെംബലെ സ്വന്തമാക്കി. ഇതിനുമുന്‍പ് കിലിയന്‍ എംബപെ, ജസ്റ്റ് ഫോണ്ടെയ്ന്‍ എന്നിവർ മാത്രമാണ് ഫ്രാന്‍സിനായി ഈ അപൂർവ്വ നേട്ടം കൈവരിച്ചിട്ടുള്ളത്. ഫ്രാൻസിനായി ഡിസൈര്‍ ഡൂവോയും മത്സരത്തിൽ ഒരു ഗോൾ നേടി.

ടീമിൽ പത്ത് മാറ്റങ്ങളുമായി ഇറങ്ങിയ നോര്‍വേയ്ക്ക് സൂപ്പർ താരം അര്‍ലിംഗ് ഹാളണ്ടിന്റെ അഭാവം കനത്ത തിരിച്ചടിയായി മാറിയിരുന്നു. മത്സരത്തിൽ നോര്‍വേയ്ക്ക് ലഭിച്ച ഒരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതിരുന്നതും അവർക്ക് വിനയായി. ഒടുവിൽ ഇഞ്ചുറി സമയത്ത് ആസ്ഗാര്‍ഡിലൂടെയാണ് നോർവേ തങ്ങളുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചിരുന്ന നോര്‍വെ നേരത്തെ തന്നെ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഫ്രാന്‍സ് ഗ്രൂപ്പ് ഐ ചാമ്പ്യന്മാരായും, നോര്‍വേ രണ്ടാം സ്ഥാനക്കാരായുമാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *