കൊച്ചിയിൽ ഏറെ വിവാദമുണ്ടാക്കിയ സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. ഇത് മൂന്നാം തവണയാണ് കേസിൽ വീണയെ ഇ.ഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ ചോദ്യം ചെയ്തപ്പോഴും വീണ നൽകിയ മൊഴികളിൽ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ വ്യക്തതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രത്യേകിച്ച്, 2.78 കോടി രൂപയുടെ വിനിയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. കൂടാതെ, സി.എം.ആർ.എൽ ഉന്നത ഉദ്യോഗസ്ഥർ നൽകിയ മൊഴികളും വീണയുടെ മൊഴികളും തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം സി.എം.ആർ.എൽ അധികൃതരെയും ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. വീണയുടെ നിലവിലുള്ള സ്വത്തുക്കൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളും കേന്ദ്ര ഏജൻസി ഇപ്പോൾ ശേഖരിക്കുന്നുണ്ട്കേസിലെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് ഇ.ഡി ലക്ഷ്യമിടുന്നത്. വീണയുടെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ എങ്ങനെയാണ് ഇത്തരമൊരു കരാറിലേക്ക് എത്തിയത് എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സി.എം.ആർ.എൽ കമ്പനിക്ക് സർക്കാരിൽ നിന്ന് എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നും, അതിന്റെ പ്രത്യുപകാരമായിട്ടാണോ ഈ സാമ്പത്തിക കരാർ ഉണ്ടാക്കിയതെന്നും ഇ.ഡി വിശദമായി അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂറോളമാണ് നീണ്ടുനിന്നത്. മറ്റൊരു അന്വേഷണ ഏജൻസിയായ എസ്.എഫ്.ഐ.ഒ-യിൽ നിന്ന് ലഭിച്ച നിർണായകമായ 134 രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ ചോദ്യം ചെയ്യൽ. വീണയും എക്സാലോജിക്കും സി.എം.ആർ.എല്ലുമായി ഒപ്പുവെച്ച കരാറുകൾ, വീണയുടെ ഐ.ടി റിട്ടേൺ വിവരങ്ങൾ, മുൻപ് നൽകിയ വിശദമായ മൊഴിപ്പകർപ്പുകൾ തുടങ്ങിയ അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണ് ഇപ്പോൾ ഇ.ഡിയുടെ പക്കലുള്ളത്.
Tags:
You can share this post!
administrator



