യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ മിഡ്ലാൻഡ്സ് റീജിയൺ ഓവറാൾ കിരീടം സ്വന്തമാക്കിയപ്പോൾ, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പായും നോർത്ത് വെസ്റ്റ് റീജിയൺ മൂന്നാം സ്ഥാനത്തായും ഫിനിഷ് ചെയ്തു. അസോസിയേഷൻ വിഭാഗത്തിൽ 106 പോയിന്റ് നേടി വാർവിക്ക് ആൻഡ് ലിമിങ്ടൻ മലയാളി അസോസിയേഷൻ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ 82 പോയിന്റോടെ രണ്ടാം സ്ഥാനവും മലയാളി അസോസിയേഷൻ ഓഫ് പോർട്ട്സ്മൗത്ത് 39 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്ത കായികമേളയിൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതവും നാഷണൽ ജോയിന്റ് സെക്രട്ടറിയും സ്പോർട്ട്സ് കോർഡിനേറ്ററുമായ റെയ്‌മോൾ നിധിരി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായ വർഗ്ഗീസ് ഡാനിയേൽ, സ്മിതാ തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ തുടങ്ങിയ പ്രമുഖ ദേശീയ, റീജിയണൽ ഭാരവാഹികൾ പങ്കെടുത്തു.
ദേശീയ കായികമേളയിലെ മുൻ വ്യക്തിഗത ചാമ്പ്യന്മാർ ദീപശിഖയേന്തി നയിച്ച കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും അതിന് മാറ്റുകൂട്ടിയ ഫ്‌ളാഷ് മോബുകളുമായിരുന്നു ഉദ്ഘാടന ചടങ്ങിലെ മുഖ്യാകർഷണം. യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളും കായികതാരങ്ങളും ബാനറുകൾക്ക് പിന്നിൽ അണിനിരന്നത് മേളയ്ക്ക് വർണ്ണാഭമായ തുടക്കമാണ് നൽകിയത്. ഒരു മാസത്തിലേറെ നീണ്ടുനിന്ന റീജിയണൽ കായികമേളകളിൽ ഏഴു റീജിയനുകളിൽ നിന്നായി ഏകദേശം നാലായിരത്തോളം കായികതാരങ്ങൾ മാറ്റുരച്ചതായും വൻ ജനപിന്തുണയാണ് ലഭിച്ചതെന്നും പ്രസിഡന്റ് എബി സെബാസ്റ്റിയൻ വ്യക്തമാക്കി. റീജിയണൽ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരാണ് ദേശീയ കായികമേളയിൽ പങ്കെടുത്തത്. കിഡ്സ് മുതൽ സൂപ്പർ സീനിയർ വരെയുള്ള വിവിധ പ്രായപരിധിയിലുള്ള സ്ത്രീ പുരുഷ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. മുൻ ദേശീയ അധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിന്റെ വിപുലമായ സേവനവും അൻപതോളം വോളന്റിയർമാരുടെ മേൽനോട്ടവും മത്സരങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കി. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും, മെഡലുകളും, ട്രോഫികളും വിതരണം ചെയ്തു.



