India Mirror News

ഇന്ദ്രജാലങ്ങൾ തുടരുന്ന മുപ്പത്തിയൊമ്പതാം പിറന്നാൾ; റെക്കോർഡുകൾ തകർത്ത് കാൽപന്തിന്റെ മിശിഹ ലിയോണൽ മെസ്സി

ഇന്ദ്രജാലങ്ങൾ തുടരുന്ന മുപ്പത്തിയൊമ്പതാം പിറന്നാൾ; റെക്കോർഡുകൾ തകർത്ത് കാൽപന്തിന്റെ മിശിഹ ലിയോണൽ മെസ്സി

കാൽപന്ത് ലോകത്തിന്റെ മിശിഹ ലിയോണൽ ആന്ദ്രേസ് മെസ്സിക്ക് ഇന്ന് മുപ്പത്തിയൊമ്പതാം ജന്മദിനം. ലോകകപ്പ് വേദികളിൽ സമാനതകളില്ലാത്ത ഉജ്ജ്വല പ്രകടനങ്ങളുമായി രാജ്യാന്തര തലത്തിൽ വീണ്ടും വിസ്മയം തീർക്കുന്നതിനിടയിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം എന്ന പ്രത്യേകതയുമുണ്ട്. വളർച്ചാ ഹോർമോണിന്റെ കുറവ് മൂലം ഇനി ഉയരം വെക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു ബാലൻ, തുകൽ പന്തിൽ തീർത്ത ഇന്ദ്രജാലങ്ങളിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന കഥയ്ക്ക് ഫുട്ബോൾ ചരിത്രത്തിൽ പകരക്കാരില്ല. 1987 ജൂൺ 24-ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച്, കരിയർ കെട്ടിപ്പടുക്കാനായി ബാഴ്സലോണയിലേക്ക് കുടിയേറിയ മെസ്സി, അവരുടെ വിഖ്യാതമായ ലാ മാസിയ അക്കാദമിയിലൂടെയാണ് കറ്റാലൻ പടയുടെ എക്കാലത്തെയും മികച്ച താരമായി മാറിയത്.

ക്ലബ്ബ് ഫുട്ബോളിൽ ലാലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും വ്യക്തിഗതമായി ബലോൺ ഡി ഓർ, ഫിഫ ബെസ്റ്റ്, ലോറസ് പുരസ്കാരങ്ങളും വാരിക്കൂട്ടുമ്പോഴും ലോകകപ്പ് നേടിയിട്ടില്ലെന്ന പരിഹാസങ്ങൾ മെസ്സിക്ക് നേരെ ഉയർന്നിരുന്നു. എന്നാൽ 2022-ൽ ഖത്തറിൽ വെച്ച് ആ കനകക്കിരീടം നെഞ്ചോട് ചേർത്ത് അയാൾ വിമർശകരുടെ വായടപ്പിച്ചു. നിലവിൽ മുപ്പത്തിയൊമ്പതിന്റെ പ്രായത്തിലും ലോകവേദിയിൽ അൾജീരിയക്കെതിരെ ഹാട്രിക്കും ഓസ്ട്രിയക്കെതിരെ ഡബിളും നേടിക്കൊണ്ട് മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് തകർത്ത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോളടിവീരനായി മെസ്സി മാറി. ലിയോണൽ മെസ്സി കളി അവസാനിപ്പിച്ച് ബൂട്ടഴിക്കുന്ന ആ സങ്കടദിനം അധികം അകലെയല്ലെന്ന് ഉറപ്പാണെങ്കിലും, വരാനിരിക്കുന്ന മറ്റൊരു വിശ്വകിരീട നേട്ടത്തോടെയാകട്ടെ ആ പടിയിറക്കമെന്ന പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *