കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള കേവലം ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നുവെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചപ്പോൾ, തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനം സർക്കാർ അധികാരത്തിൽ വന്നപ്പോൾ പാലിച്ചതായി ഇതിനെ കണ്ടുകൂടെയെന്ന് കോടതി തിരിച്ചു ചോദിച്ചു. ജനങ്ങൾക്ക് നൽകിയ ഒരു പദ്ധതി പെട്ടെന്ന് നിർത്തണമെന്ന് കോടതിക്ക് എങ്ങനെയാണ് പറയാനാകുക എന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, കേസ് വിശദമായ വിധി പറയുന്നതിനായി മാറ്റിവെച്ചു. അതേസമയം സ്ത്രീശാക്തികരണം മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കിയതെന്നും കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പദ്ധതികൾ വിജയകരമായി നിലവിലുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ, പദ്ധതി തികച്ചും ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾക്ക് പോലും സൌജന്യ യാത്ര ലഭിക്കുമ്പോൾ, തുച്ഛമായ ദിവസവേതനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാരായ പുരുഷന്മാർ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടി വരുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കൃത്യമായ വരുമാന പരിധിയോ, താമസ യോഗ്യതയോ അല്ലെങ്കിൽ വ്യക്തമായ ഒരു ക്ഷേമ ലക്ഷ്യമോ മുൻനിർത്താതെയുമാണ് ഈ ആനുകൂല്യം വകയിരുത്തിയിരിക്കുന്നത്. പൗരന്മാരെ കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിച്ച് ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും, അതിനാൽ പ്രിയദർശിനി പദ്ധതി പൂർണ്ണമായും റദ്ദാക്കണമെന്നുമാണ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.



