India Mirror News

വാട്‌സ്ആപ്പിൽ ഇനി ടെക്സ്റ്റ് മെസേജുകളും ഒരു തവണ മാത്രം വായിക്കാം; സുരക്ഷ കൂട്ടാൻ പുതിയ ‘വ്യൂ-വൺസ് ടെക്സ്റ്റ്’ ഫീച്ചർ അണിയറയിൽ ഒരുങ്ങുന്നു

വാട്‌സ്ആപ്പിൽ ഇനി ടെക്സ്റ്റ് മെസേജുകളും ഒരു തവണ മാത്രം വായിക്കാം; സുരക്ഷ കൂട്ടാൻ പുതിയ ‘വ്യൂ-വൺസ് ടെക്സ്റ്റ്’ ഫീച്ചർ അണിയറയിൽ ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് ആപ്പുകളിലൊന്നായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ചാറ്റിങ് അനുഭവം കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സന്ദേശങ്ങൾ ഒരു തവണ മാത്രം വായിക്കാൻ സാധിക്കുന്ന ‘വ്യൂ-വൺസ്’ ടെക്സ്റ്റ് മെസേജ് സംവിധാനമാണ് കമ്പനി അണിയറയിൽ ഒരുക്കുന്നത്. വാട്‌സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന പ്രമുഖ ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വാട്‍സാപ്പ് ബീറ്റ ഫോർ ഐഓഎസ് പതിപ്പായ 26.24.10.16-ൽ ഈ ഫീച്ചറിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ വികസന ഘട്ടത്തിൽ മാത്രമുള്ള ഈ സംവിധാനം ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് പ്രോഗ്രാമിലൂടെ ബീറ്റാ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്ന പ്രാരംഭ ഉപയോക്താക്കൾക്ക് പോലും ഇപ്പോൾ ലഭ്യമാക്കിയിട്ടില്ല. നിലവിൽ ഫോട്ടോകൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ എന്നിവ ഒരു തവണ മാത്രം കാണാനും കേൾക്കാനും സാധിക്കുന്ന ‘വ്യൂ-വൺസ്’ സൗകര്യം വാട്സ്ആപ്പിലുണ്ട്. ഇതേ മാതൃകയിലാണ് സാധാരണ എഴുത്തു സന്ദേശങ്ങളെയും സുരക്ഷിതമാക്കാൻ മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഒരുങ്ങുന്നത്.

ഈ പുതിയ ഫീച്ചർ യാഥാർത്ഥ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് ഒരു സന്ദേശം ടൈപ്പ് ചെയ്ത ശേഷം ‘സെൻഡ്’ ബട്ടണിൽ ദീർഘനേരം അമർത്തിപ്പിടിച്ച് ‘സെൻഡ് ആസ് വ്യൂ വൺസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും. ഇങ്ങനെ അയക്കുന്ന സന്ദേശങ്ങൾ സ്വീകരിക്കുന്നയാൾ ഒരു തവണ തുറന്നു വായിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ സ്വയം അപ്രത്യക്ഷമാകും. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സവിശേഷത പ്രയോജനപ്പെടുത്താമെങ്കിലും വാട്‌സ്ആപ്പ് ചാനലുകളിൽ ഇത് ലഭ്യമാകാൻ സാധ്യതയില്ല. നിലവിലുള്ള വ്യൂ-വൺസ് മീഡിയ ഫയലുകൾക്ക് ബാധകമായ സുരക്ഷാ നിയന്ത്രണങ്ങൾ തന്നെയാകും ഈ ടെക്സ്റ്റ് മെസേജുകൾക്കും ബാധകമാവുക. അതായത് ഇത്തരം സന്ദേശങ്ങൾ കോപ്പി ചെയ്യാനോ, ഫോർവേഡ് ചെയ്യാനോ, ഷെയർ ചെയ്യാനോ, സ്‌ക്രീൻഷോട്ട് അല്ലെങ്കിൽ സ്‌ക്രീൻ റെക്കോർഡ് ചെയ്യാനോ ഉപയോക്താക്കൾക്ക് സാധിക്കില്ല. നിലവിൽ താൽക്കാലിക വിവരങ്ങൾ കൈമാറാൻ ചിത്രങ്ങളിൽ ടെക്സ്റ്റ് എഴുതി അയക്കുന്ന രീതിയാണ് പലരും പിന്തുടരുന്നത്. അതിന് പകരമായി കൂടുതൽ എളുപ്പമുള്ള സംവിധാനമാണ് വരുന്നത്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, ഡിസപ്പിയറിംഗ് മെസേജുകൾ എന്നിവയ്ക്കൊപ്പം പുതിയ ഫീച്ചറും കൂടിയെത്തുന്നതോടെ വാട്‌സ്ആപ്പിന്റെ സ്വകാര്യതാ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയ്‌ക്കായി പ്രീമിയം സേവനങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ പെയ്‌ഡ് പ്ലാനുകളും മെറ്റ ആവിഷ്കരിക്കുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *