പശ്ചിമേഷ്യയെ കടുത്ത ആശങ്കയിലാഴ്ത്തിയ ഇറാൻ-ഇസ്രയേൽ സൈനിക സംഘർഷത്തിന് താൽക്കാലിക ശമനം. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ഇരുപക്ഷത്തിന്റെയും ആക്രമണങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ഉടനടി വെടിവെപ്പ് നിർത്താൻ ട്രംപ് ഇരുരാജ്യങ്ങൾക്കും കർശന നിർദേശം നൽകുകയായിരുന്നു. ഇറാനുമായി വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇസ്രയേലിന് ഒറ്റയ്ക്ക് പോരാടേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയതായി ട്രംപ് അമേരിക്കൻ മാധ്യമത്തോട് വെളിപ്പെടുത്തി. ഇറാനെതിരെ നടത്തിയ മുൻ ആക്രമണങ്ങളെക്കുറിച്ച് അവസാന നിമിഷം മാത്രമാണ് ഇസ്രയേൽ അമേരിക്കയെ അറിയിച്ചതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണെങ്കിൽ ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള മിസൈൽ വർഷം ശക്തമായി പുനരാരംഭിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാൻ വീണ്ടും ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം, ഇറാനുമായുള്ള ബന്ധം തുടർന്നാൽ ലെബനന് ഭാവിയില്ലെന്ന് അമേരിക്കയിലെ ഇസ്രയേൽ നയതന്ത്ര പ്രതിനിധി യെഹിയേൽ ലെറ്റർ ഓർമ്മിപ്പിച്ചു. മേഖലയിലെ സൈനിക നടപടികൾക്ക് താൽക്കാലിക അറുതി വന്നതോടെ, ആശങ്കകൾക്ക് പിന്നാലെ കുതിച്ചുയർന്ന ആഗോള വിപണിയിലെ എണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനുമേൽ സമ്പൂർണ്ണ വിജയം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് ട്രംപിന്റെ പുതിയ അവകാശവാദം. ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമേരിക്ക ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം നൽകാൻ അവർ തയ്യാറാണെന്നും ട്രംപ് പ്രതികരിച്ചു. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് അമേരിക്കയ്ക്ക് ഉടൻ തന്നെ ഉറപ്പുനൽകുമെന്നും ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, തങ്ങളുടെ അടിസ്ഥാന നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ ഭരണകൂടം.



