ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തു നിന്നും ടീമിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെ, സൂപ്പർ താരം സൂര്യകുമാർ യാദവ് ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്നതായി ശക്തമായ സൂചനകൾ. സൂര്യകുമാറിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നും മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും പൂർണ്ണമായി നീക്കം ചെയ്തതാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇപ്പോൾ ഇത്തരമൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സൂര്യകുമാർ മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക പേജ് ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് വീണ്ടും ഫോളോ ചെയ്യുകയുണ്ടായി. എന്നാൽ മുംബൈ ടീമിന്റെ നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സൂര്യകുമാർ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്. നിലവിൽ രോഹിത് ശർമ്മയ്ക്കും എം.എസ് ധോണിക്കുമൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് മുംബൈ ടീമുമായി ബന്ധപ്പെടുത്തി സൂര്യയുടെ പ്രൊഫൈലിൽ അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടി20 ലോകകപ്പ് നേടിയിട്ടും സൂര്യകുമാറിനെ മാറ്റി ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിന്റെ പുതിയ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിനൊപ്പം 35കാരനായ സൂര്യകുമാറിനെ കളിക്കാരനെന്ന നിലയിൽ പോലും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.
നീണ്ട ഇടവേളയ്ക്ക് ശേഷം 2018-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നാണ് സൂര്യകുമാർ മുംബൈ ഇന്ത്യൻസ് പാളയത്തിലെത്തുന്നത്. തുടർന്ന് മുംബൈയുടെ പല കിരീടനേട്ടങ്ങളിലും നിർണായക പങ്കുവഹിച്ച സൂര്യയ്ക്ക് പക്ഷേ കഴിഞ്ഞ് പോയ 2026 ഐ.പി.എൽ സീസണിൽ ഒട്ടും തിളങ്ങാനായിരുന്നില്ല. സീസണിൽ ഉടനീളം വെറും 20.77 ശരാശരിയിൽ 270 റൺസ് മാത്രമാണ് താരം നേടിയത്. കേവലം രണ്ട് അർദ്ധസെഞ്ച്വറികൾ മാത്രമാണ് കഴിഞ്ഞ സീസണിൽ സൂര്യയുടെ അക്കൗണ്ടിലുള്ളത്. താരത്തിന്റെ മോശം ഫോം ബാധിച്ച മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. വരാനിരിക്കുന്ന അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിലും പുതിയൊരു ക്യാപ്റ്റൻ വരുമെന്നാണ് ക്രിക്കറ്റ് ലോകത്തുനിന്നുള്ള സൂചനകൾ. ടീമിന്റെ ഭാവി മുന്നിൽ കണ്ട് യുവതാരം തിലക് വർമയെ മുംബൈയുടെ പുതിയ നായകനായി മാനേജ്മെന്റ് തെരഞ്ഞെടുത്തേക്കുമെന്നാണ് കരുതുന്നത്. ദേശീയ ടീമിലെ തിരിച്ചടികൾക്ക് പുറമേ ഐ.പി.എല്ലിലും കരിയർ പ്രതിസന്ധിയിലായ ഈ സാഹചര്യത്തിലാണ് സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് വിടാൻ ആലോചിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.



