കേരളത്തിൽ അധികാരമേൽക്കുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തിരുവനന്തപുരത്തെത്തും. തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് തലസ്ഥാനത്ത് എത്തുന്ന അദ്ദേഹം ചടങ്ങുകൾക്ക് ശേഷം 11 മണിയോടെ തമിഴ്‌നാട്ടിലേക്ക് മടങ്ങും. ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ സാന്നിധ്യമായ വിജയ്ക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്ത് എത്തും. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുടെ സാന്നിധ്യം കണക്കിലെടുത്ത് നഗരത്തിൽ കനത്ത സുരക്ഷയും കർശനമായ ഗതാഗത നിയന്ത്രണങ്ങളുമാണ് മെയ് 18-ന് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക പാസുള്ളവർക്ക് മാത്രമായിരിക്കും ചടങ്ങ് നടക്കുന്ന വേദിയിലേക്ക് പ്രവേശനം അനുവദിക്കുക.
ചരിത്രപരമായ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഒരു ലക്ഷത്തോളം പേർ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇതിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതിനായിരത്തോളം പേർക്ക് ഇരിക്കാൻ ശേഷിയുള്ള കൂറ്റൻ പന്തലിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പ്രധാന പന്തലിന്റെ വശങ്ങളിൽ വലിയ വീഡിയോ വാളുകൾ സ്ഥാപിക്കുന്നതിനൊപ്പം, സ്റ്റേഡിയത്തിന് പുറത്തുള്ളവർക്കായി നിശാഗന്ധി ഓഡിറ്റോറിയം ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ക്രീനുകളിൽ തത്സമയ സംപ്രേഷണവും ഒരുക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം പുതിയ മന്ത്രിമാർ രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും. തുടർന്ന് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം പുതിയ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിക്കും. പുതിയ സർക്കാരിന്റെ ഭരണക്രമമനുസരിച്ച് മെയ് 18-ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും, മെയ് 21-ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയും നടക്കും. തൊട്ടടുത്ത ദിവസമായ മെയ് 22-ന് സ്പീക്കർ തിരഞ്ഞെടുപ്പും, മെയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും നടക്കും. പുതിയ സർക്കാരിന്റെ കന്നി സംസ്ഥാന ബജറ്റ് ജൂൺ അഞ്ചിന് നിയമസഭയിൽ അവതരിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.



