India Mirror News

ആഭ്യന്തരം ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി സതീശൻ

ആഭ്യന്തരം ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി സതീശൻ

കേരളത്തിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ – രമേശ് ചെന്നിത്തല കൂടിക്കാഴ്ച പൂർണ്ണ സമവായത്തിലെത്താതെ പിരിഞ്ഞെങ്കിലും നിർണ്ണായകമായ ചില ധാരണകൾക്ക് വഴിതുറന്നു. ചർച്ചയിൽ രമേശ് ചെന്നിത്തലയ്ക്ക് ഏറെ താല്പര്യമുള്ള ആഭ്യന്തര വകുപ്പ് നൽകാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ തന്റെ വിശ്വസ്തനായ അൻവർ സാദത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ചെന്നിത്തല ഉറച്ചുനിന്നു. ഇക്കാര്യത്തിൽ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് സതീശൻ നൽകിയ മറുപടി. ലീഗ് ഇതിനോട് യോജിച്ചില്ലെങ്കിൽ ഐ.സി. ബാലകൃഷ്ണൻ, ടി.ജി. വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരിൽ ഒരാളെ മന്ത്രിയാക്കണമെന്ന ബദൽ നിർദ്ദേശവും ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്.

അതേസമയം ഭരണതലപ്പത്തെ തർക്കങ്ങൾ പരിഹരിക്കുന്നതിനൊപ്പം യുഡിഎഫിലെ ഘടകകക്ഷികളുമായുള്ള ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾക്ക് ഇന്ന് തുടക്കമായി. പുതിയ മന്ത്രിസഭയിൽ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകുമെന്നാണ് നിലവിലെ സൂചനകൾ. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാൻ ആലോചനയുണ്ടെങ്കിലും, രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പി.ജെ. ജോസഫ്. ഇതിനിടെ കോൺഗ്രസിന്റെ മന്ത്രിപ്പട്ടികയ്ക്ക് ഇന്ന് തന്നെ അന്തിമരൂപമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. അദ്ദേഹവും പി.സി. വിഷ്ണുനാഥും നിയുക്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെത്തി ചർച്ചകൾ നടത്തി. നിയുക്ത മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദീപാ ദാസ് മുൻഷിയും ചേർന്ന് കെ.സി. വേണുഗോപാലുമായി കൂടിയാലോചിച്ച ശേഷമാകും പട്ടിക ഹൈക്കമാൻഡിന് കൈമാറുക. ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ ലിസ്റ്റ് ഇന്ന് തന്നെ ഗവർണർക്ക് സമർപ്പിക്കാനാണ് നീക്കം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *