India Mirror News

സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും

സാമ്പത്തിക പ്രതിസന്ധി: ചെലവ് ചുരുക്കാൻ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവ് ചുരുക്കൽ നടപടികളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നോട്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനകം തന്നെ കർശനമായ നിയന്ത്രണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യ ഉയർത്തുകയും ചെയ്തു.

ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഇന്ധന ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സമാനമായ രീതിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് തന്റെ കോൺവോയ് വാഹനങ്ങൾ 13-ൽ നിന്ന് എട്ടായി കുറച്ചു. കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവലെ മെട്രോയിൽ യാത്ര ചെയ്താണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഗുജറാത്ത് ഗവർണറാകട്ടെ സംസ്ഥാനത്തിനകത്തെ യാത്രകൾക്ക് പൊതുഗതാഗത സംവിധാനങ്ങളായ ട്രെയിനും ബസും ഉപയോഗിക്കുമെന്നും ഹെലികോപ്റ്റർ യാത്രകൾ തൽക്കാലം ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചു.

എന്നാൽ, പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ നിലനിൽക്കെ മധ്യപ്രദേശിലെ ചില ബിജെപി നേതാക്കൾ നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്നത് വലിയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. ടെക്സ്റ്റ് ബുക്ക് കോർപ്പറേഷൻ ചെയർമാൻ സൗഭാഗ്യ സിംഗ് താക്കൂർ, എംഎൽഎ പ്രീതം സിംഗ് ലോധി എന്നിവരുടെ ആഡംബര യാത്രകൾ ഇതിനോടകം വിമർശനത്തിന് കാരണമായി. മന്ത്രി ധർമ്മേന്ദ്ര ലോധിയും സമാനമായ രീതിയിൽ നിരവധി വാഹനങ്ങളുമായാണ് പൊതുപരിപാടിക്കെത്തിയത്. സംഭവം വിവാദമായതോടെ ഇത്തരം നടപടികൾ ഇനി ആവർത്തിക്കില്ലെന്ന് മന്ത്രി വിശദീകരണം നൽകി. ഒരുവശത്ത് ഔദ്യോഗിക സംവിധാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ മറുവശത്ത് ചില നേതാക്കൾ നടത്തുന്ന ഈ ആഡംബര പ്രകടനങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയാകുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *